ജല അഥോറിറ്റി ഓഫീസിലെ ജീവനക്കാർക്ക് മർദനമേറ്റതായി പരാതി
1546546
Tuesday, April 29, 2025 6:36 AM IST
പറവൂർ: കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് പറവൂർ ജല അഥോറിറ്റി ഓഫീസിൽ സമരത്തിനെത്തിയവർ ജീവനക്കാരെ മർദിച്ചതായി പരാതി.
വൈപ്പിനിലെ എടവനക്കാട് മേഖലയിൽ ശുദ്ധജലം കിട്ടാത്തതിനെത്തുടർന്നാണ് ഇന്നലെ രാവിലെ 10.30ന് ജനപ്രതിനിധികളും നാട്ടുകാരും പറവൂർ ജല അഥോറിറ്റി ഓഫീസിൽ പ്രതിഷേധത്തിനെത്തിയത്. സമരത്തിന്റെ വിഡിയോ ജീവനക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ചാണ് സമരക്കാരിൽ ചിലർ ചേർന്ന് രണ്ട് ജീവനക്കാരെ മർദിച്ചതായി പരാതി ഉയർന്നിട്ടുള്ളത്.
സമരക്കാരുമായി ചർച്ച നടത്താതെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇവിടെ നിന്നു പോയതിൽ പ്രതിഷേധിച്ച് ജല അഥോറിറ്റി ഓഫീസിന്റെയും പമ്പ് ഹൗസിന്റെയും വാതിലുകളും പ്രധാന ഗേറ്റും പ്രതിഷേധക്കാർ അടച്ചു. എന്നാൽ, അത്യാവശ്യമുണ്ടായതിനാൽ പുറത്തു പോയതാണെന്നാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ വിശദീകരണം. മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ചു മീറ്റർ റീഡർ ജി. ബാബുവിനെ മർദിച്ചെന്നും മർദനം തടയാൻ ചെന്ന ഹെഡ് ക്ലാർക്ക് കെ. രാജേഷിന് മർദനമേറ്റതായും ജീവനക്കാർ പറഞ്ഞു. ജീവനക്കാരുടെ പരാതി പോലീസിനു കൈമാറിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ചു വാട്ടർ അഥോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രതിഷേധിച്ചു.