പൊക്കാളി കൃഷി സംരക്ഷിക്കാൻ നിരീക്ഷണ സമിതികളായി: എംഎൽഎ
1546208
Monday, April 28, 2025 4:29 AM IST
വൈപ്പിന്‍: മണ്ഡലത്തിലെ പൊക്കാളി കൃഷി സംരക്ഷിക്കുന്നതിനായി നിരീക്ഷണ സമിതികള്‍ രൂപീകരിച്ചതായി കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ അറിയിച്ചു. പൊക്കാളി കൃഷി മേഖലയിലും ജനവാസ കേന്ദ്രങ്ങളിലും ഒരുവെള്ളം കയറുന്നതിനാൽ ഇതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാൻ കളക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലെ തീരുമാന പ്രകാരമാണ് നിരീക്ഷണ സമിതികള്‍ രൂപീകരിച്ചത്.
പൊക്കാളി പാടശേഖരങ്ങളിൽ നെൽക്കൃഷി, മത്സ്യക്കൃഷി ചെയ്യുന്നതും ഒരു ജലം ക്രമപ്രകാരം നിലനിർത്തുന്നതും സമിതിയുടെ ചുമതലയായിരിക്കും. ഈ വിഷയങ്ങൾ നിരീക്ഷിക്കുന്നതിനും നടപ്പിൽ വരുത്തുന്നതിനും നിരീക്ഷണ സമിതിക്കു ഉത്തരവാദിത്തമുണ്ടായിരിക്കും.
പൊക്കാളി മേഖലയിൽ നിശ്ചിത സീസണുകളിൽ നെൽക്കൃഷിയും മത്സ്യക്കൃഷിയും നടത്തുന്നതിന് നിരീക്ഷണ സമിതി ഇടപെടൽ നടത്തണം.കൃഷി ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് യോഗം ചേർന്ന് ആവശ്യമായ മാർഗനിയന്ത്രണങ്ങൾ വരുത്തണം. കൃഷി കൃത്യ സമയത്തു തന്നെ ആരംഭിക്കുന്നുവെന്നും നിലങ്ങൾ തരിശിടുന്നില്ലെന്നും ഉറപ്പാക്കണം.
എല്ലാത്തിന്റെയും റിപ്പോർട്ടുകൾ യഥാസമയം കളക്ടർക്കു കൈമാറണമെന്നും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തഹസിൽദാർമാരായിരിക്കും നിരീക്ഷണ സമിതികളുടെ ചെയർമാൻ.