കനാലിൽ വീണ യുവാവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു
1546544
Tuesday, April 29, 2025 6:36 AM IST
മുളന്തുരുത്തി: ബൈക്കിൽ നിന്നും കനാലിൽ വീണ യുവാവിനെ അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തി. തുപ്പംപടി കാപ്പിൽ വീട്ടിൽ വിജീഷ് (38) നെയാണ് രക്ഷപ്പെടുത്തിയത്. തുപ്പംപടി ഷാപ്പിനു മുൻവശമുള്ള 35 അടിയോളം ആഴമുള്ള കനാലിൽ യുവാവ് വീണുകിടക്കുകയായിരുന്നു. അപകടം കണ്ട് താഴേയ്ക്കിറങ്ങിയ നാട്ടുകാരായ രണ്ടു പേർ യുവാവിനെ താങ്ങി നിർത്തി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുളന്തുരുത്തി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ റോപ്പും നെറ്റും ലാഡറുമുപയോഗിച്ച് യുവാവിനെ മുകളിലെത്തിക്കുകയായിരുന്നു. പിന്നീട് ആംബുലൻസ് വരുത്തി യുവാവിനെ മുളന്തുരുത്തി സർക്കാരാശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം.
മുളന്തുരുത്തി ഫയർ ആൻഡ് റസ്ക്യൂ അസി. സ്റ്റേഷൻ ഓഫീസർ യു. ഇസ്മായിൽ ഖാന്റെ നേതൃത്വത്തിൽ സീനിയർ ഓഫീസർ രാജേഷ്, ഓഫീസർമാരായ സുനിൽകുമാർ, അനൂപ് കൃഷ്ണൻ, ജിജോ മിഥുൻ, പ്രജീഷ് സാബു, ജേക്കബ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.