കാറിലും ലോറിയിലും ഇടിച്ച ഓട്ടോറിക്ഷ തകര്‍ന്നു
1546558
Tuesday, April 29, 2025 6:56 AM IST
കോതമംഗലം: ദേശീയ പാതയില്‍ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും ലോറിയുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ തകര്‍ന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ഓട്ടോഡ്രൈവര്‍ ഷിഹാബുദീന്‍, കൂറ്റംവേലി സ്വദേശികളായ മുനാജ് (12), മുഹസിന് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ (തിങ്കളാഴ്ച) വൈകിട്ട് അഞ്ചിനാണ് അപകടം.
യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ കാറിന് പിന്നില്‍ ഇടിച്ച് വട്ടംകറങ്ങി നിയന്ത്രണംവിട്ട് എതിരെ വന്ന ലോറിയിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുന്‍വശം തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടികളെ പുറത്തെടുത്തെടുത്തു. മുന്‍വശം തകര്‍ന്ന ഓട്ടോയുടെ ഉള്ളില്‍ കുടുങ്ങിയ ഷിഹാബുദീനെ പുറത്തെടുക്കാനായില്ല.
വാഹനത്തിന്റെ മുന്‍ഭാഗം അകത്തേക്ക് തള്ളിയതിനിടയില് കാലുകള്‍ കുടുങ്ങിയിരിക്കുകയായിരുന്നു ഷിഹാബുദീന്‍. നേര്യമംഗലത്ത് പോയി മടങ്ങിവരുകയായിരുന്ന അഗ്നിരക്ഷാസേന അംഗങ്ങള്‍ റോഡിലെ ആള്‍കൂട്ടം കണ്ട് വാഹനം നിര്‍ത്തി അന്വേഷിച്ചപ്പോഴാണ് അപകടം അറിഞ്ഞത്. ഉടന്‍ ഹൈഡ്രോളിക്ക് റെസ്ക്യൂ ടൂള്‍ ഉപയോഗിച്ച് ഓട്ടോയുടെ മുന്‍ഭാഗം അകത്തിമാറ്റി, കമ്പികള്‍ മുറിച്ച് നീക്കിയാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ മൂവരേയും അഗ്നി രക്ഷാസേന വാഹനത്തിലാണ് കോതമംഗലം എംബിഎംഎം ആശുപത്രിയില്‍ എത്തിച്ചത്.