കഞ്ചാവു ചെടി വളർത്തിയ ഇതര സംസ്ഥാനക്കാരനെ എക്സൈസ് സംഘം പിടികൂടി
1546231
Monday, April 28, 2025 4:49 AM IST
പെരുമ്പാവൂർ: കഞ്ചാവു ചെടി വളർത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി നന്തു മൊണ്ടാൽ(30)നെയാണ് പെരുമ്പാവൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്.
ആലുവ - പെരുമ്പാവൂർ കെഎസ്ആർടിസി റോഡിൽ മാറമ്പിള്ളിയിലുള്ള ഇയാളുടെ താസമസ്ഥലത്താണ് പ്ലാസ്റ്റിക്കിന്റെ കാൻ മുറിച്ച് ഇതിനുള്ളിൽ പ്രതി കഞ്ചാവ് ചെടി വളർത്തിയിരുന്നത്. 31 സെന്റി മീറ്റർ ഉയരമുണ്ടായിരുന്ന ചെടി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനാണ് ഇയാൾ പരിപാലിച്ചതെന്ന് എക്സൈസ് പറഞ്ഞു.
ഇയാൾ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണെന്നും ഇതിനു മുമ്പും ഇത്തരത്തിൽ കഞ്ചാവ് വളർത്തി സുഹൃത്തുക്കൾക്ക് വില്പന നടത്തിയിട്ടുള്ളതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റ് ചെടികൾക്കിടയിൽ പെട്ടെന്ന് കണ്ടെത്താനാകാത്ത വിധം രഹസ്യമായി കഞ്ചാവ് ചെടി വളർത്തിയിരുന്ന ഇയാൾ ആദ്യമായാണ് പിടിക്കപ്പെടുന്നത്.
എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സാബു വർഗീസ്, പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. ഷിവിൻ, എബിൻ പൗലോസ്, കെ.ആർ. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.