ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയ നിർമാണം; വ്യാപാരികളെ ഒഴിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു
1546562
Tuesday, April 29, 2025 6:56 AM IST
ആലുവ: 50 കോടി രൂപ മുടക്കി മാർക്കറ്റ് സമുച്ചയം നിർമിക്കുന്നതിന് മുന്നോടിയായി പദ്ധതി പ്രദേശത്തിന് സമീപത്ത് താത്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന 51 പച്ചക്കറി വ്യാപാരികളെ ഒഴിപ്പിക്കാനുള്ള ആലുവ നഗരസഭയുടെ ശ്രമം പരാജയപ്പെട്ടു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് വ്യാപാരികളെ ഒഴിപ്പിക്കുന്നത് നിർത്തിവച്ചത്.
വ്യാപാരികൾ നൽകിയ ഹർജി ഹൈക്കോടതിയിൽ ഇന്ന് വീണ്ടും പരിഗണിക്കുകയാണെന്നും അതിനു ശേഷം ഉചിതമായി തീരുമാനമെടുക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.
ഒഴിപ്പിക്കാൻ എത്തിയ ആലുവ നഗരസഭാ സെക്രട്ടറി പി.ജെ. ജെസീന്ത, റവന്യൂ ഉദ്യോഗസ്ഥ കെ. രമണി എന്നിവർക്ക് ഇക്കാ ര്യങ്ങൾ എഴുതി നൽകിയതായും വ്യാപാരികൾ പറഞ്ഞു.
പുതിയ മാർക്കറ്റ് കെട്ടിട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മെയ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും ഇതിന് മുന്നോടിയായാണ് യാർഡിൽ നിന്ന് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു.
താൽക്കാലിക സ്റ്റാളുകൾ പൊളിച്ചു നീക്കുന്നതിന് ജെസിബി, കട്ടിംഗ് മെഷീനുകൾ, വാഹനങ്ങൾ എന്നിവ സഹിതം സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും തൊഴിലാളികളും യാർഡിലേക്ക് പ്രവേശിച്ചപ്പോൾ കച്ചവടക്കാർ ചില രാഷ്ട്രീയ നേതാക്കളുടെയും മറ്റും നേതൃത്വത്തിൽ തടഞ്ഞതെന്ന് നഗരസഭ ആരോപിച്ചു. നൂറു കണക്കിന് പോലീസ് സേനാംഗങ്ങൾ എത്തിയെങ്കിലും മതിയായ പോലീസ് സംരക്ഷണം ലഭിച്ചില്ലെന്ന് നഗരസഭ ചെയർമാൻ കുറ്റപ്പെടുത്തി.
സംഘർഷ സമയത്ത് കൊന്നുകളയുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയെന്ന് ആരോഗ്യ സ്ഥിരം സമിതിയധ്യക്ഷൻ എം.പി. സൈമൺ"ദീപിക' യോട് പറഞ്ഞു. വികസന പദ്ധതിയ്ക്ക് വ്യാപാരികൾ തടസം നിൽക്കരുതെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.
അതേ സമയം മൂന്നര ഏക്കർ സ്ഥലത്ത് 90 സെന്റിലാണ് പുതിയ കെട്ടിടം നിർമിക്കുന്നതെന്നും നിലവിൽ ഷെഡ് നിർമിച്ച് വ്യാപാരം നടത്തുന്ന കച്ചവടക്കാർ പദ്ധതി പ്രദേശത്ത് നിന്ന് അകലയാണെന്നും അതിനാൽ കച്ചവടം തുടരാൻ അനുവദിക്കണമെന്ന് ആലുവ മാർക്കറ്റ് സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് ജോഷി ജോൺ, ജോയിന്റ് സെക്രട്ടറി മനീഷ് മാത്യു, ട്രഷറർ ടി.എ. നവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 77 വ്യാപാരികളിൽ നിന്ന് ഒന്നു മുതൽ മൂന്നു ലക്ഷം രൂപ വരെ മുൻകൂർ തുക വാങ്ങിയിട്ടുണ്ടെന്ന് ആലുവ നഗരസഭ അറിയിച്ചു.
ഇവർക്ക് പുതിയ കെട്ടിടത്തിൽ ലേലം ഇല്ലാതെ മുറികൾ നൽകുമെന്നും ബാക്കി 11 മുറികളിൽ ലേലം ഉണ്ടാകുമെന്നും ആലുവ നഗരസഭ ആരോഗ്യസ്ഥിരം സമിതിയധ്യക്ഷൻ എം.പി. സൈമൺ ' ദീപിക' യോട് പറഞ്ഞു.