ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയില്‍
1546224
Monday, April 28, 2025 4:40 AM IST
അറസ്റ്റിലായത് ഛായാഗ്രാഹകൻ സമീര്‍ താഹിറിന്റെ ഫ്ലാറ്റില്‍നിന്ന്
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ് സിനിമകളുടെ സംവിധായകരും സുഹൃത്തും പിടിയിലായി. എറണാകുളം തോപ്പുംപടി സ്വദേശി ഖാലിദ് റഹ്മാന് (35), തൃശൂര്‍ പൊന്നാനി സ്വദേശി അഷ്റഫ് ഹംസ (46), കൊച്ചിയില്‍ താമസിക്കുന്ന ഷാലി മുഹമ്മദ് (35) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
പ്രമുഖ ഛായാഗ്രാഹകനായ സമീര്‍ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിനു സമീപത്തുള്ള പൂര്‍വ ഗ്രാന്‍ഡ് ബെയിലെ ഫ്ലാറ്റില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് മൂവരെയും പിടികൂടിയത്.
പ്രതികളില്‍നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇതുപയോഗിക്കാനുള്ള വസ്തുക്കളും കണ്ടെടുത്തു. കുറഞ്ഞ അളവായതിനാല്‍ മൂവരെയും ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം സമീര്‍ താഹിറിനെയും പ്രതിചേര്‍ത്തേക്കും.
ഇന്ന് കോടതിയില്‍ അറസ്റ്റ് വിവരങ്ങളുടെ രേഖകള്‍ സമര്‍പ്പിച്ചശേഷം പ്രതികള്‍ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കും. ഫ്ലാറ്റിലെ ഒരു ജീവനക്കാരനെക്കൊണ്ടാണ് എക്സൈസ് സംഘം പ്രതികള്‍ താമസിച്ച 506-ാം നമ്പര്‍ ഫ്ലാറ്റില്‍ തട്ടിവിളിച്ച് വാതില്‍ തുറപ്പിച്ചത്. ഷാലി മുഹമ്മദ് വാതില്‍ തുറന്നതോടെ, രഹസ്യവിവരത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ ഫ്ലാറ്റിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.
തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന "ആലപ്പുഴ ജിംഖാന’എന്ന സിനിമയുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്. ഇതിനുപുറമെ തല്ലുമാല, അനുരാഗ കരിക്കിന് വെള്ളം, ഉണ്ട തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. തമാശ, ഭീമന്റെ വഴി, സുലേഖ മന്‍സില്‍ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ.
കൊച്ചി സ്വദേശിയാണ് ഇവര്‍ക്കു ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്നാണ് വിവരം. ഷാലി മുഹമ്മദ് വഴിയായിരുന്നു ഇടപാട്. മൂവരെയും അറസ്റ്റ് ചെയ്തതോടെ ഇടനിലക്കാരന് ഒളിവില്‍പ്പോയതായാണ് എക്സൈസിന്റെ കണ്ടെത്തല്‍. വൈകാതെ ഇയാളെ പിടികൂടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നു മാസം മുമ്പ് ഇതേ ഫ്ലാറ്റില്‍ എക്സൈസ് പരിശോധന നടത്തിയതായാണു വിവരം.
ഫെഫ്ക പുറത്താക്കി
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകര്‍ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഫെഫ്ക ഡയറക്ടറേറ്റ് യൂണിയനില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് യൂണിയന് പ്രസിഡന്റ് രൺജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി.എസ്. വിജയന് എന്നിവര്‍ വ്യക്തമാക്കി.
ഇരുവർക്കുമെതിരേ നടപടിയെടുക്കാന്‍ ഫെഫ്ക നേതൃത്വം ഡയറക്ടേഴ്സ് യൂണിയന് നിര്‍ദേശം നല്‍കിയിരുന്നു.
പേര് പറയാന്‍ മടി; ഗൂഗിൾ ലെൻസിൽ കുടുങ്ങി
എക്സൈസ് സംഘം ഫ്ലാറ്റിനുള്ളിലേക്ക് കടക്കുമ്പോള്‍ കഞ്ചാവ് ഉപയോഗിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും. എക്സൈസാണെന്ന് അറിയിച്ചതോടെ ഇവര്‍ പേരു പറയാന്‍ മടിച്ചു.
സിനിമയില്‍ ചെറിയ വേഷം ചെയ്യുന്നവരാണെന്നും "മഞ്ഞുമ്മല്‍ ബോയ്സി’ല്‍ അഭിനയിച്ചിട്ടുണ്ടെന്നും ഖാലിദ് റഹ്മാന് പറഞ്ഞു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇവരുടെ ചിത്രങ്ങളെടുത്ത് ഗൂഗിൾ ലെൻസില്‍ പരിശോധിച്ചപ്പോഴാണു ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരാണെന്നു വ്യക്തമായത്.