ചെന്പ് കന്പിയും കേബിളുകളും മോഷ്ടിച്ച അഞ്ച് ഇതര സംസ്ഥാനക്കാർ പിടിയിൽ
1546557
Tuesday, April 29, 2025 6:56 AM IST
മൂവാറ്റുപുഴ: കെഎസ്ഇബി സബ് സ്റ്റേഷനിലെ ചെന്പ് കന്പി ഉൾപ്പെടുന്ന കേബിളുകൾ മോഷ്ടിച്ച കേസിൽ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ സമിദുൽ ഹഖ് (31), ഇസ്മായിൽ അലി (40), അബ്ദുൾ കാസിം (45), ഇക്രമുൽ ഹഖ് (26), ഇമാൻ അലി (30) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. മോഷ്ടിച്ച കേബിളുകളുടെ പ്ലാസ്റ്റിക് ഇൻസുലേഷൻ കത്തിച്ച് ഉരുക്കി മാറ്റി ചെറിയ തൂക്കങ്ങളാക്കി പലപ്പോഴായി വിൽപ്പന നടത്തിവരികയായിരുന്നു.
പേഴയ്ക്കാപ്പിള്ളി സബ് സ്റ്റേഷനിലെ സോളാർ പാനലിൽനിന്നും മറ്റുമായി പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന ചെന്പ് കന്പി ഉൾപ്പെടുന്ന കേബിളുകളാണ് മോഷ്ടിച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നിർദേശാനുസരണം ജില്ലയിലെ മോഷണ കേസുകളുടെ അന്വേഷണം ത്വരിതപ്പെടുത്തിയിരുന്നു.
ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. മോഷണ മുതൽ വിവിധ ആക്രി കടകളിൽനിന്ന് കണ്ടെടുത്തു. ഇവർ മറ്റ് മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുന്നു. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.