എന്റെ കേരളം പ്രദര്‍ശന, വിപണനമേള: കാണാനേറെ
1546484
Tuesday, April 29, 2025 3:02 AM IST
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ വനം-വന്യജീവി വകുപ്പിന്റെ സ്റ്റാളില്‍ വന്നാല്‍ തലയെടുപ്പോടെ നില്ക്കുന്ന പനച്ചിക്കാട് കൊച്ചയ്യപ്പന് എന്ന കൊമ്പനെ കാണാം. ഈ ഇലക്ട്രിക് ആന ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കും. നാട്ടാനകള്‍ നേരിടുന്ന ക്രൂരതകള്‍ തുറന്നു കാട്ടുകയാണ് ഈ സ്റ്റാളില്‍.
തൊട്ടപ്പുറത്ത് സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള സ്റ്റാള്‍ കാണാം. ഇവിടെ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കീഴിലുള്ള മാണിക്യമംഗലം സംഘത്തിന്റെ നെറ്റിപ്പട്ട ശേഖരമാണ് കാണാന്‍ കഴിയുന്നത്. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കീഴില്‍ പരിശീലനം നേടിയ 12 സ്ത്രീകളുടെ കരവിരുതാണ് ഇവ.
ഒന്നരയടി ഉയരമുള്ള നെറ്റിപ്പട്ടത്തിന് 1200 മുതല്‍ 1300 രൂപ വരെയും ഉയരം കുറവുള്ളവയ്ക്ക് 500 രൂപ മുതലുമാണ് വില. പൂരങ്ങളിലെ പ്രധാനിയായ ആലവട്ടത്തിനും ആവശ്യക്കാര്‍ ഏറെയാണ്. ഗൃഹപ്രവേശനം തൊട്ട് വിവാഹവാര്‍ഷികം വരെയുള്ള മുഹൂര്‍ത്തങ്ങളില്‍ സമ്മാനമായി തിളങ്ങുന്ന ഇവയെ മാണിക്യമംഗലത്തെ സ്ത്രീകള്‍ ആവശ്യത്തിനനുസരിച്ച് നിര്‍മിച്ചുനല്‍കും.