മുണ്ടക്കയം 31-ാംമൈലിൽ പാതയോരത്ത് ബൈക്ക് ഉപേക്ഷിച്ച നിലയിൽ
1546095
Sunday, April 27, 2025 11:33 PM IST
മുണ്ടക്കയം: മുപ്പത്തൊന്നാം മൈൽ പാലത്തിന് സമീപം എംഇഎസ് റോഡിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നമ്പർ പ്ലേറ്റുകൾ ഊരി മാറ്റിയ നിലയിലാണ് വാഹനം കഴിഞ്ഞ ഒരു മാസമായി റോഡിന്റെ വശത്തിരിക്കുന്നത്.
ബജാജിന്റെ ഏറ്റവും പുതിയ മോഡലിലുള്ള ബ്ലാക്ക് പൾസർ ബൈക്കാണ് നാളുകളായി ഉടമസ്ഥൻ ഇല്ലാതെ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ സ്പെയർ പാർട്സുകളിൽ പാതിഭാഗവും ഊരി മാറ്റിയ നിലയിലാണ്. മറ്റ് ഏതോ ടൂവീലറിന്റെ ബാറ്ററി ഇതിൽ താത്കാലികമായി വച്ചുപിടിപ്പിച്ചാണ് വാഹനം ഓടിച്ചിരിക്കുന്നത്. ബൈക്ക് മോഷ്ടിച്ചു കൊണ്ടുവന്നതോ അല്ലെങ്കിൽ ലഹരി സംഘങ്ങൾ ഇവിടെ ഉപേക്ഷിച്ചതോ എന്ന സംശയമാണ് നാട്ടുകാർക്കുള്ളത്.
വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വാഹനത്തിന്റെ എൻജിൻ നമ്പരടക്കം പരിശോധിച്ചാൽ ഇത് മോഷ്ടിച്ച ബൈക്കാണോ അല്ലെങ്കിൽ ലഹരി കടത്ത് അടക്കമുള്ള സംഭവങ്ങളെ തുടർന്ന് പിടിക്കാതിരിക്കാൻ ഉപേക്ഷിച്ചതാണോ എന്ന വ്യക്തമായ വിവരം ലഭിക്കും. എന്നാൽ ഇതിനും അധികൃതർ തയാറാകുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.