പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
1546373
Monday, April 28, 2025 11:39 PM IST
ഏറ്റുമാനൂർ: തെള്ളകത്ത് പെട്ടിക്കടയിൽ പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന കേസിൽ ഏറ്റുമാനൂർ പോലീസ് പ്രതിക്കെതിരേ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
എംസി റോഡിൽ തെള്ളകത്ത് ബാർ ഹോട്ടലിനു മുന്നിലെ തട്ടുകടയിൽ വച്ച് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർമാഞ്ഞൂർ തട്ടാംപറമ്പിൽ ശ്യാം പ്രസാദിനെ മർദിച്ചു കൊന്ന കേസിൽ പെരുമ്പായിക്കാട് ആനക്കൽ ജിബിൻ ജോർജി(28)നെതിരേയാണ് ഏറ്റുമാനൂർ കോടതിയിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.
64 സാക്ഷി മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകളും അടക്കമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ് എന്നിവരുടെ നിരീക്ഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. അൻസൽ ആണ് പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.കെ. മനോജ്, എസ്സിപിഒമാരായ ജ്യോതികൃഷ്ണൻ, കെ.യു. വിനേഷ് എന്നിവർ കേസന്വേഷണത്തിൽ സഹായികളായിരുന്നു.