അതിരമ്പുഴയിൽ രണ്ടു ബസുകളും കാറും കൂട്ടിയിടിച്ച് അപകടം
1546481
Tuesday, April 29, 2025 3:02 AM IST
അതിരമ്പുഴ: അമിത വേഗത്തിൽ എത്തി നിയന്ത്രണം വിട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിലേക്ക് കാർ ഇടിച്ചു കയറി. കാറിനു പിന്നിൽ മറ്റൊരു സ്വകാര്യ ബസും ഇടിച്ചു. തകർന്ന കാറിലെ യാത്രക്കാർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. അതിരമ്പുഴ - ഏറ്റുമാനൂർ റോഡിൽ ഉപ്പുപുരയ്ക്കൽ ജംഗ്ഷനു സമീപം ഇന്നലെ വൈകുന്നേരം 5.30നാണ് അപകടം ഉണ്ടായത്.
എറണാകുളത്തുനിന്നും കോട്ടയത്തേക്ക് പോയ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആവേ മരിയ ഉപ്പുപുരയ്ക്കൽ ജംഗ്ഷനു സമീപമുള്ള വളവിൽ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
എതിർദിശയിൽനിന്നു കാർ വരുന്നതു കണ്ട് ബ്രേക്ക് ചവിട്ടിയെങ്കിലും മഴ പെയ്തതു കൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ട ബസ് വെട്ടിത്തിരിയുകയും കാർ ബസിന്റെ പിൻഭാഗത്തേക്ക് ഇടിച്ചു കയറുകയുമായിരുന്നു. കാറിന്റെ പിന്നാലെ വന്ന മറ്റൊരു സ്വകാര്യ ബസ് കാറിന് പിന്നിലും ഇടിച്ചു.
കാറിന്റെ എയർ ബാഗ് പ്രവർത്തിച്ചതിനാൽ കാർ യാത്രക്കാർക്കു കാര്യമായ പരിക്കേറ്റില്ല. കാർ യാത്രക്കാരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.
അപകടത്തെത്തുടർന്ന് ഏറ്റുമാനൂർ - അതിരമ്പുഴ റോഡിൽ കുറെ സമയം ഗതാഗത തടസമുണ്ടായി. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം സുഗമമായത്.