കേബിളുകൾക്കു ഗുണനിലവാരമില്ലെന്ന്; പാലാ ഡിവിഷന് വൈദ്യുതിമുടക്കം തുടർക്കഥ
1546383
Monday, April 28, 2025 11:39 PM IST
പാലാ: കെഎസ്ഇബി പാലാ ഡിവിഷന് പരിധിയിലെ പാലാ, ഭരണങ്ങാനം, പൈക, പൂഞ്ഞാര്‍ സെക്ഷനുകളില്‍ വൈദ്യുതി മുടക്കം തുടര്‍ക്കഥയാകുന്നു.പാലാ സെക്ഷന്‍ പരിധിയില്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി സ്ഥാപിച്ച ഏരിയല്‍ ബഞ്ചഡ് കേബിള്‍ ഗുണനിലവാരം കുറഞ്ഞതാണെന്നും ഇതുമൂലം മഴവെള്ളം കേബിളിനുള്ളില്‍ പ്രവേശിച്ചാണ് വൈദ്യുതി മുടങ്ങുന്നതെന്നും പറയുന്നു.
ഭരണങ്ങാനം, പൈക സെക്ഷനുകളില്‍ പൈക 33 കെവി സബ്സ്റ്റേഷന് തകരാറുകള്‍ മൂലവും 33 കെവി, 11 കെവി ഫീഡറുകളുടെ തകരാര്‍ മൂലവുമാണ് മിക്കപ്പോഴും വൈദ്യുതി മുടങ്ങുന്നത്. ഇവിടെ വോള്‍ട്ടേജ് ഏറ്റക്കുറച്ചിലുകളും നിത്യ സംഭവമാണ്. ഉപഭോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം നല്കുന്നതിനു വേണ്ടി എന്ന അവകാശവാദവുമായി പൈക, ഭരണങ്ങാനം സെക്ഷനുകളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയം നടത്തിയതു മുതല്‍ ഇരു സെക്ഷന്‍ പരിധികളിലും വൈദ്യുതി മുടക്കം വര്‍ധിച്ചതായി ഉപഭോക്താക്കള്‍ ആരോപിക്കുന്നു.
വൈദ്യുതി മുടങ്ങിയാല്‍ പുനഃസ്ഥാപിക്കുന്നതിനു കാലതാമസം നേരിടുന്നതും പതിവാണ് . ഇരു സെക്ഷനുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും കാരണമാകുന്നുണ്ട്. മലയോര മേഖലയായ പൂഞ്ഞാര്‍ സെക്ഷന്‍ പരിധിയില്‍ വേണ്ടത്ര 11 കെവി ഫീഡറുകള്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി മുടക്കം തുടര്‍ക്കഥയാണ്. പരാതി ഉന്നയിക്കുന്നവര്‍ സ്ഥിരം ശല്ല്യക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
ജീപ്പുമില്ല; ജീവനക്കാരുമില്ല
ഭരണങ്ങാനം സെക്ഷനില്‍ ജീവനക്കാരുടെ കുറവും വലിയ ഏരിയായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഓഫീസിന് അനുവദിച്ചിട്ടുള്ള ജീപ്പും ഇപ്പോഴില്ല. ഇതുമൂലം വൈദ്യുതി പുനഃസ്ഥാപിക്കാന്‍ താമസം നേരിടുന്നു. ഒരു മാസം 1500 കിലോമീറ്റര്‍ ഓടാനുള്ള പണമേ ജീപ്പിന് അനുവദിക്കുകയുള്ളൂവെന്നു ജീവനക്കാര്‍ പറയുന്നു. അത് ചിലപ്പോള്‍ 15, 20 ദിവസമാകുമ്പോള്‍ കഴിയും. പിന്നീട് ജീവനക്കാര്‍ സ്വന്തം ബൈക്കിലും മറ്റുമാണ് തകരാര്‍ പരിഹരിക്കാന്‍ കറങ്ങി നടക്കുന്നത്. മണിക്കൂറുകള്‍ക്കു ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിക്കാനാകുന്നത്.
ഞായറാഴ്ച വൈകുന്നേരം നാലരയോടെ മുടങ്ങിയ വൈദ്യുതി രാത്രി പത്തിനാണ് പുനഃസ്ഥാപിച്ചത്. അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം, വ്യാപാര സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, സ്കൂളുകള്‍, കോളജ് എന്നിവയെ വൈദ്യുതി മുടക്കം പ്രതികൂലമായി ബാധിക്കുന്നു. ഭരണങ്ങാനം,തലപ്പുലം, തിടനാട് , മീനച്ചില്‍ പഞ്ചായത്തുകളില്‍പ്പെട്ട അളനാട്, ഇടപ്പാടി, ഭരണങ്ങാനം, അയ്യമ്പാറ, ചൂണ്ടച്ചേരി, ഉള്ളനാട്, പ്ലാശനാല്‍,പനയ്ക്കപ്പാലം, അമ്പാറനിരപ്പ്, പൂവത്തോട്, ഇടമറ്റം, പാറപ്പള്ളി, കിഴപറയാര് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് സെക്ഷന്‍.