എരുമേലി സബ് രജിസ്ട്രാർ ഓഫീസിലെ ദുരവസ്ഥ ഇനിയും തുടരും
1546325
Monday, April 28, 2025 10:22 PM IST
എരുമേലി: സംസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കി ക്രമീകരിച്ചിട്ടും എരുമേലി സബ് രജിസ്ട്രാർ ഓഫീസിൽ ഇതിനു സാധിച്ചിട്ടില്ല. ഓഫീസ് ഇവിടെ പ്രവർത്തനം ആരംഭിച്ചത് തന്നെ രണ്ടാം നിലയിലാണ്. പ്രായമായവരെയും ഭിന്നശേഷിക്കാരെയും പരിഗണിക്കാതെയാണ് ഓഫീസ് പ്രവർത്തനം തുടങ്ങിയത്. ഇതിനു പരിഹാരമായി സബ് രജിസ്ട്രാറിനുമാത്രം താഴെ ഒരു മുറി നൽകുമെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ല.
ആധാരം രജിസ്റ്റര്‍ ചെയ്യുന്നതടക്കം വിവിധ സർട്ടിഫിക്കറ്റുകൾക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിരവധി പേരാണ് ദിവസവും ഓഫീസിൽ എത്തുന്നത്. ഇവരിൽ ഏറെ പേരും പ്രായം ചെന്നവരാണ്. ഒട്ടേറെ ശാരീരിക വിഷമതകളും രോഗങ്ങളും ഉള്ള പ്രായമായവർക്കു പടിക്കെട്ടുകൾ കയറാൻ പ്രയാസമാണ്. രക്തസമ്മർദം, പ്രമേഹം ഉൾപ്പെടെ രോഗങ്ങൾ ഉള്ളവർ മുകളിലേക്കുള്ള പടിക്കെട്ടുകൾ ഏറെ ആയാസത്തോടെയാണ് കയറുക. ഒപ്പം തിരികെ പടിക്കെട്ടുകൾ ഇറങ്ങുമ്പോഴും ക്ലേശവും തളർച്ചയും ക്ഷീണവും നേരിടുന്നു. ഇത് പലപ്പോഴും ശാരീരിക അവസ്ഥയെ അപകടകരമാക്കുന്ന സ്ഥിതിയിലേക്ക് എത്താറുണ്ട്.
ഭിന്നശേഷിക്കാർക്കു രണ്ടാം നിലയിലേക്കുള്ള പടിക്കെട്ടുകൾ കയറാനും ഇറങ്ങാനും ആരെങ്കിലും സഹായിച്ചാലാണ് സാധ്യമാവുക. പലപ്പോഴും സബ് രജിസ്ട്രാർ താഴേക്ക് ഇറങ്ങി വന്ന് ഫയൽ നൽകി പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും അരികിൽ എത്തി ഒപ്പ് വാങ്ങേണ്ട സ്ഥിതിയാണ്. ഇതിനായി ഏറെ സമയം കാത്തുനിൽക്കേണ്ടി വരാറുമുണ്ട്. സബ് രജിസ്ട്രാര്‍ ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.