ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് പഞ്ചായത്തിൽ രണ്ടാമത് കളിസ്ഥലം
1546066
Sunday, April 27, 2025 10:43 PM IST
കുറവിലങ്ങാട്: മാണികാവിൽ എംവിഐപിയുടെ സ്ഥലത്ത് പൊതു കളിസ്ഥലം നിർമിക്കാൻ സർക്കാർ അനുമതി നൽകി. മാണികാവിൽ മുവാറ്റുപുഴ നദീതട ജലസേചന പദ്ധതിക്കായി കനാൽ നിർമാണത്തോടനുബന്ധിച്ച് തുരങ്കത്തിനായി ഏറ്റെടുത്ത സ്ഥലത്തിൽ ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലം പൊതു കളിസ്ഥലം നിർമിക്കുന്നതിന് വിട്ടുനൽകണമെന്ന ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അപേക്ഷയിലാണ് തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന് ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യനാണ് നിവേദനം സമർപ്പിച്ചിരുന്നത്.
പുതിയ സർക്കാർ ഉത്തരവോടെ 73 മീറ്റർ നീളത്തിലും 40 മീറ്റർ വീതിയിലുമായി 2920 ചതുരശ്ര മീറ്റർ ഭൂമി കളിസ്ഥലത്തിനായി പ്രയോജനപ്പെടുത്താനാകും. ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ യുവജനങ്ങളെ കളിക്കളത്തിലേക്ക് ആകർഷിക്കുന്നതിന് ജലസേചന വകുപ്പിന്റെ അനുയോജ്യമായ സ്ഥലങ്ങളിൽ കളിസ്ഥലം നിർമിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങൾക്ക് അനുമതി നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതനുസരിച്ചുള്ള ആദ്യ അനുമതിയാണ് കുറവിലങ്ങാടിന് ലഭിച്ചിട്ടുള്ളത്.
മാണികാവിലെ കളിസ്ഥല നിർമാണം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷൻ വിഹിതമായി 10 ലക്ഷം രൂപയും ഈ പദ്ധതിക്ക് നൽകും. ടെൻഡർ നടപടികൾ പൂർത്തിയാകുന്നതനുസരിച്ച് കളി സ്ഥലത്തിന്റെ നിർമാണം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി. കുര്യൻ അറിയിച്ചു.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി 2021-22 വർഷം പഞ്ചായത്ത് 12-ാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥലത്ത് മിനി സ്റ്റേഡിയം നിർമിച്ചിരുന്നു.