ലഹരിക്കെതിരേ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍യുടെ ഉപവാസസമരം നാളെ
1546372
Monday, April 28, 2025 11:39 PM IST
കോട്ടയം: പൊതുസമൂഹത്തിന് ശാപമായി മാറിയ ലഹരിക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ നാളെ കോട്ടയത്ത് ഉപവാസസമരം നടത്തും. രാസലഹരി അടക്കമുള്ള ലഹരി വ്യാപനത്തിനെതിരേ സര്‍ക്കാര്‍ അടിയന്തരമായി കര്‍ശന നടപടികള്‍ എടുത്തില്ലെങ്കില്‍ ലഹരിയില്‍ മുങ്ങിത്താഴുന്നവരായി തലമുറകള്‍ മാറുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ചൂണ്ടിക്കാട്ടി.
നാളെ രാവിലെ ഒമ്പതിനു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉപവാസസമരം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ലഹരിമുക്ത നാടായി കേരളത്തെ മാറ്റാനുള്ള ജനകീയ പ്രതിരോധത്തിനാണ് കോട്ടയത്ത് തുടക്കം കുറിക്കുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മാത്രമായി കാണാതെ ജനങ്ങളെ എല്ലാവരെയും ബാധിക്കുന്ന വിഷയത്തിലുള്ള ജനകീയമുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.
കോട്ടയത്ത് അടക്കം അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളിലെല്ലാം ലഹരിയാണ് അടിസ്ഥാനകാരണമാകുന്നത്. ലഹരി ഉപയോഗിക്കുന്നവരെയും വിറ്റഴിക്കുന്നവരെയും പിടികൂടിയാല്‍ കുറഞ്ഞ അളവിന്റെ പേരില്‍ ജാമ്യത്തില്‍ വിട്ടയക്കുന്ന നിയമങ്ങളൊക്കെയും മാറ്റേണ്ടിയിരിക്കുന്നു. ഇത്തരക്കാര്‍ക്കെതിരേ കര്‍ശനനടപടികളാണ് ലഹരി ഉപയോഗം തടയാന്‍ വേണ്ടത്. പണസമ്പാദനത്തിനുള്ള കുറുക്കുവഴിയായി ലഹരി വില്‍പ്പന മാറിയിരിക്കുന്നത് സമൂഹത്തിന് ആപത്താണ്. യൂണിവേഴ്സിറ്റി കോളജില്‍ നിന്നടക്കം കഞ്ചാവും ലഹരി വസ്തുക്കളും പടികൂടിയതടക്കം വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലഹരി വ്യാപനം നേരിടാന്‍ അപാകതകള്‍ പരിഹരിച്ച് ആവശ്യമായ രീതിയില്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
ലഹരിക്കെതിരായ പോരാട്ടത്തിന് ഊര്‍ജം പകരാന്‍ ചിറ്റൂര്‍ ഗോപി രചിച്ച് സാജന് കോട്ടയം ഈണം പകര്‍ന്ന് മധു ബാലകൃഷ്ണന് ആലപിച്ച ഗാനം ചലച്ചിത്ര നിര്‍മാതാവും നടനുമായ പ്രേംപ്രകാശ് നാടിന് സമര്‍പ്പിച്ചു. പത്രസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, മോഹന്‍ കെ. നായര്‍ തുടങ്ങിയവരും പങ്കെടുത്തു.
ഉപവാസസമരത്തില്‍
പങ്കെടുക്കുന്ന പ്രമുഖര്‍
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, ബിഷപ് റവ. മലയില്‍ സാബു കോശി ചെറിയാന്, ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്ത, സ്വാമി ഗുരുരത്നം ജ്ഞാനതപസി, സ്വാമി ശ്രീനാരായണ പ്രസാദ്, ഗരുഡധ്വജാനന്ദ സ്വാമികള്‍ പരമാനന്ദ തീര്‍ഥ സ്വാമികള്‍, സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാട്, താഹാ മൗലവി, മുഹമ്മദ് ഷെഫീക്ക് മൗലവി, നിഷാദ് മൗലവി, സാദിക്ക് മൗലവി, ഹരികുമാര്‍ കോയിക്കല്‍, നാരായണവര്‍മ തമ്പുരാന്, ബിജു ഉമ്മന്‍, സിസ്റ്റര്‍ ജോവാന് ചുങ്കപ്പുര തുടങ്ങിയര്‍ വിവിധസമയങ്ങളില്‍ പ്രസംഗിക്കും.