എന്റെ കേരളത്തിന് ആവേശമായി ആടിയും പാടിയും ആശാസംഗമം
1546101
Sunday, April 27, 2025 11:33 PM IST
കോട്ടയം: ആടിയും പാടിയും ആശാവര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും എന്റെ കേരളം പ്രദര്‍ശനമേളയെ ഇന്നലെ ആവേശത്തിലാറാടിച്ചു. മേളയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ ആശ - ആരോഗ്യ പ്രവര്‍ത്തക സംഗമത്തിലാണ് ജീവനക്കാരും ആശാപ്രവര്‍ത്തകരും കലാവിരുന്നൊരുക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ സംഗമം ഉദ്ഘാടനം ചെയ്തു. പാലാ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ അവതരിപ്പിച്ച സൂംബാ നൃത്തത്തിനൊപ്പം സദസിലിരുന്നവരും ആവേശത്തോടെ ചുവടുവച്ചു.
ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ അവതരിപ്പിച്ച സംഘനൃത്തവും തിരുവാര്‍പ്പ് കുടുംബാരോഗ്യകേന്ദ്രത്തിലെ ജ്യോതി ഹരികുമാറിന്റെ ഫ്യൂഷന്‍ ഡാന്‍സും വെളിയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള ആശാ പ്രവര്‍ത്തക സ്നേഹാ സജിയുടെ നാടോടിനൃത്തവും കൈയടികളോടെയാണ് സദസ് ഏറ്റെടുത്തത്.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ മികവ് തെളിയിച്ച ആശാ പ്രവര്‍ത്തകരെ സംഗമത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ എന്നിവര്‍ മെഡലുകള്‍ അണിയിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ ചടങ്ങില്‍ പങ്കെടുത്തു.