കാഞ്ഞിരപ്പള്ളി ബൈപാസ്: പില്ലർ നിര്‍മാണം ആരംഭിച്ചു
1546097
Sunday, April 27, 2025 11:33 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിനായി നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ഭിത്തിയുടെയും പില്ലറിന്റെയും നിര്‍മാണം ആരംഭിച്ചു. ടൗണ്‍ഹാളിന് സമീപത്തും മണിമല റോഡിന് സമീപത്തുമായി രണ്ടിടങ്ങളിലായി നാല് പില്ലറുകളാണുള്ളത്. ടൗണ്‍ഹാളിന് സമീപത്തെ പില്ലറുകളുടെ നിര്‍മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.
ദേശീയപാതയില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍നിന്ന് ആരംഭിച്ച് മണിമല റോഡിനും ചിറ്റാര്‍ പുഴയ്ക്കും കുറുകെയാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. അടുത്ത പില്ലറിന്റെ സ്ഥാനം മണിമല റോഡരികില്‍ വരുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നതിനാല്‍ ആദ്യ രണ്ടു പില്ലറുകള്‍ നിര്‍മിച്ച ശേഷമാകും മറ്റുള്ളവ നിര്‍മിക്കുക. ദേശീയപാതയ്ക്ക് സമീപമുള്ള ആദ്യത്തെ തൂണിന്റെ കോണ്‍ക്രീറ്റിംഗ് പൂർത്തിയാക്കിയിരുന്നു.
നിര്‍ദിഷ്ട പദ്ധതി പ്രദേശത്തെ ഉയര്‍ന്ന ഭാഗം ഇടിച്ചുനിരത്തിയും താഴ്ന്ന ഭാഗങ്ങളില്‍ മണ്ണിട്ടു നികത്തിയും റോഡ് വെട്ടിയിരുന്നു. ബൈപാസ് അവസാനിക്കുന്ന ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ടാറിംഗ് ജോലികളുടെ ഭാഗമായി മെറ്റൽ നിരത്തുന്ന പ്രവർത്തനങ്ങളും ആരം ഭിച്ചു.
ബൈപാസ് നിർമാണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിനു മുന്പിലെ മണ്ണും മാറ്റിയിരുന്നു. ദേശീയപാതയിൽനിന്നു ബൈപാസിലേക്കു തിരിയുന്ന ഇവിടെ റൗണ്ടാന നിർമിക്കാനാണ് പദ്ധതി. ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ ആവശ്യമായ വെളിച്ചത്തിനുള്ള സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തും. ഇവിടെ നിന്നാണ് മണിമല റോഡിനും ചിറ്റാർപുഴയ്ക്കും മീതേയുള്ള മേൽപ്പാലം നിർമിക്കുന്നത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനാണു പദ്ധതിയുടെ നിര്‍മാണച്ചുമതല.
ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്പിലെ വളവില്‍ നിന്നാരംഭിച്ച് പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയപാതയില്‍ പ്രവേശിക്കുന്ന ബൈപാസിന്റെ ദൂരം 1.80 കിലോമീറ്ററാണ്.