മണര്‍കാട് കാര്‍ണിവല്‍ ഇന്നുമുതല്‍
1546479
Tuesday, April 29, 2025 3:02 AM IST
മണര്‍കാട്: ദേശത്തെ ആഘോഷത്തേരിലേറ്റാന്‍ മണര്‍കാട് കാര്‍ണിവല്‍ ഇന്നുമുതല്‍ അഞ്ചുവരെ മണര്‍കാട് കത്തീഡ്രല്‍ മൈതാനത്ത് നടക്കും. അവധിക്കാലത്ത് കുട്ടികളോടൊപ്പം മാതാപിതാക്കള്‍ക്കും കുടുംബമായി ഉല്ലസിക്കാനും സായംസന്ധ്യയില്‍ സമയം ചെലവഴിക്കാനുമുള്ള അവസരമാണ് മണര്‍കാട് കാര്‍ണിവല്‍. ഏഴുനാള്‍ നീളുന്ന ആഘോഷത്തിന്റെ കാര്‍ണിവലിലേക്ക് നാട് കാത്തിരിക്കുകയാണ്. പ്രവേശനം സൗജന്യമാണ്.
ഇന്നു വൈകുന്നേരം 6.30ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം ഭാമ നിര്‍വഹിക്കും. പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ ഫാ. ലിറ്റു ജേക്കബ് തണ്ടാശേരിയില്‍ അധ്യക്ഷത വഹിക്കും. മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ്, കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ് സഖറിയ, കത്തീഡ്രല്‍ സെക്രട്ടറി പി.എ. ചെറിയാന് എന്നിവര്‍ പ്രസംഗിക്കും.
കടല്‍കടന്നുവന്ന രുചികളും തനിനാടന്‍ വിഭവങ്ങളുമായി ഒരുങ്ങുന്ന ഭക്ഷ്യമേളയ്ക്കായി 16 ഫുഡ് സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍, അറബിക്, തായ്, ഇറേനിയന്‍ തുടങ്ങിയ വിദേശരുചികളും കുട്ടനാടന്‍, കുമരകം വിഭവങ്ങളും വിളമ്പുന്ന സ്റ്റാളുകള്‍ ഭക്ഷ്യമേളയില്‍ പ്രവര്‍ത്തിക്കും. ജ്യൂസ്, കേക്ക് തുടങ്ങിയവയ്ക്കും പ്രത്യേക സ്റ്റാളുകളുണ്ട്.
വിവിധതരം വിനോദങ്ങള്‍ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ട്. വിവിധതരം റൈഡുകള്‍, തൊട്ടിലാട്ടം തുടങ്ങിയവയുമുണ്ട്. ഷോപ്പിംഗ് ആഗ്രഹിക്കുന്നവര്‍ക്കായി 40 എക്സിബിഷന് സ്റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നു. വാഹനപ്രേമികള്‍ക്കായി വാഹനപ്രദര്‍ശന സ്റ്റാളുകളുമുണ്ട്. ഫ്ളവര്‍ ഷോ, ചെടികളുടെ നഴ്സറി തുടങ്ങിയവയാണു മറ്റൊരാകര്‍ഷണം. വൈകുന്നേരങ്ങളില്‍ കാര്‍ണിവല്‍ മൈതാനത്ത് കലാപരിപാടികളും അരങ്ങേറും.
കാര്‍ണിവലിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ മികച്ച രീതിയില്‍ റീല്‍സ് ചെയ്യുന്നവര്‍ക്ക് കാഷ് പ്രൈസ് നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ റീല്‍സില്‍ വിഷയാധിഷ്ഠിതവും സര്‍ഗാത്മകവുമായ മൗലിക സൃഷ്ടികളാണു മത്സരത്തിനു പരിഗണിക്കുക.
മൊബൈല്‍ ഫോണ്‍, കാമറ, ഡ്രോണ്‍ തുടങ്ങിയവ ഉപയോഗിച്ച് റീല്‍സ് ചിത്രീകരിക്കാം. ഏറ്റവും കൂടുതല്‍ ലൈക്ക്, വീഡിയോയുടെ വ്യത്യസ്തത, ആകര്‍ഷണീയത തുടങ്ങിയവ പരിഗണിച്ചായിരിക്കം വിജയികളെ തെരഞ്ഞെടുക്കുക. റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ #manarcadcarnival, #manarcadpally എന്നീ ഹാഷ് ടാഗുകള്‍ ഉപയോഗിച്ചിരിക്കണം.
അവാര്‍ഡിന് പരിഗണിക്കേണ്ട റീല്‍സുകളുടെ ലിങ്ക് manarcadcarnival<\@>gmail.com എന്ന ഇ-മെയിലിലേക്ക് മേയ് മൂന്നിന് രാത്രി എട്ടിനുള്ളില്‍ അയയ്ക്കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് റീല്‍സുകള്‍ അയയ്ക്കാം.