മുഖ്യമന്ത്രി ഇന്ന് കോട്ടയത്ത്
1546370
Monday, April 28, 2025 11:39 PM IST
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജില്ലയിലെത്തും.
ജില്ലയിലെ പൗരപ്രമുഖരുമായുള്ള മുഖാമുഖവും എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മഹായോഗവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് കോടിമത ആന്‍സ് കണ്വന്ഷന് സെന്ററില്‍ നാനാതുറകളില്‍പ്പെട്ടവരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നടക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ പ്രതിനിധികള്‍, ട്രേഡ് യൂണിയന്-തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്കാരിക-കായിക രംഗത്തെ പ്രതിഭകള്‍, പ്രഫഷണലുകള്‍, ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, വ്യവസായികള്‍, പ്രവാസികള്‍, പ്രശസ്ത വ്യക്തികള്‍, പൗരപ്രമുഖര്‍, സാമുദായിക നേതാക്കള്‍, കര്‍ഷകത്തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ മേഖലയില്‍നിന്നുള്ള അഞ്ഞൂറിലധികം പേര് മുഖാമുഖത്തില്‍ പങ്കെടുക്കും.
വൈകുന്നേരം നാലിനാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മഹായോഗം. കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ എല്‍ഡിഎഫ് മഹായോഗം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് യോഗം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍. വാസവന്, ജോസ് കെ. മാണി എംപി, മന്ത്രിമാരായ റോഷി അഗസ്റ്റിന്, ജി.ആര്. അനില്‍, എ.കെ. ശശീന്ദ്രന്, എല്‍എഡിഎഫ് നേതാക്കളായ ജേക്കബ് ഉമ്മന്‍, ടി.വി. വര്‍ഗീസ്, സണ്ണി തോമസ്, പ്രശാന്ത് നന്ദകുമാര്‍, പി.സി. ജോസഫ്, കാസിം ഇരിക്കൂര്‍, ബിനോയ് ജോസഫ്, ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുപ്രകടനം ഒഴിവാക്കി. ജില്ലയിലെ വിവിധ ഏരിയാകളില്നിന്ന് അരലക്ഷം പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് മഹാസംഹമത്തില് പങ്കെടുക്കും. സമ്മേളനത്തിനു മുന്നോടിയായി മൂന്നിനു പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ട് നടക്കും.
പ്രളയക്കെടുതി അനുഭവിച്ച കൂട്ടിക്കലിലടക്കം അവരെ പുനരധിവസിപ്പിക്കുന്നതിനും സര്‍ക്കാര്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. കേന്ദ്ര ഗവ. വില്ക്കാന് ശ്രമിച്ച എച്ച്എന്‍എല്‍ ഏറ്റെടുത്ത് കെപിപിഎല്‍ എന്ന പേരില്‍ പൊതുമേഖലയില്‍ ഒരു സ്ഥാപനംകൂടി ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുവാൻ കഴിഞ്ഞു. എല്ലാ നിയോജക മണ്ഡലങ്ങളിലും മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായ അഭിമാനകരമായ കാലയളവിലാണ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം വിപുലമായി സംഘടിപ്പിക്കുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ ജില്ലാ കണ്‍വീനര്‍ ലോപ്പസ് മാത്യു, സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന്, സിപിഐ ജില്ലാസെക്രട്ടറി വി.ബി. ബിനു, നേതാക്കളായ രാജീവ് നെല്ലിക്കുന്നേല്‍, ബെന്നി മൈലാടൂര്‍, ജിയാഷ് കരീം എന്നിവര്‍ പങ്കെടുത്തു.
എന്റെ കേരളം പ്രദര്‍ശനവിപണന മേള
നാളെ സമാപിക്കും
കോട്ടയം: നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള നാളെ സമാപിക്കും. നിരവധി വിപണന സ്റ്റാളുകള്‍, ഭക്ഷ്യമേള, എല്ലാ വിഭാഗം ആളുകളെയും ആകര്‍ഷിച്ച കലാപരിപാടികള്‍, സമകാലിക വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുത്ത സംഗമങ്ങള്‍ എന്നിവ അണിനിരത്തിയ മേള ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമാണ്. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. 69,000 ചതുരശ്ര അടിയില്‍ വിപുലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. ഇന്നു രാത്രി 6.30ന് വൈക്കം മാളവിക അവതരിപ്പിക്കുന്ന നാടകവും നാളെ വൈകുന്നേരം അഞ്ചിനു നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും നടക്കും. 7.30ന് ലൈവ് മ്യൂസിക് ഷോയോടെ മേളയ്ക്കു കൊടിയിറങ്ങും.
കുട്ടിപ്പട്ടാളത്തിന്റെ
മനം കവര്‍ന്ന് ചോക്ലേറ്റ്
കോട്ടയം: ചോക്ലേറ്റ് ഉണ്ടാക്കുന്നത് കാണാനും വാങ്ങാനും എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ അവസരം. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനു കീഴില്‍ മണിമല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രൊഡ്യൂസര്‍ കമ്പനിയുടെ ബെല്‍ മൗണ്ട് ചോക്ലേറ്റാണ് ഇവിടുത്തെ താരം. മേളയില്‍ എത്തുന്ന കുട്ടികളുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ് കൊക്കോ ചോക്ലേറ്റും ഐസ്ക്രീമും. കൊക്കോയില്‍നിന്ന് ചോക്ലേറ്റ് ഉത്പാദിപ്പിക്കുന്നത് എങ്ങനെയെന്ന് ഇവിടെനിന്ന് മനസിലാക്കാം.
അതോടൊപ്പം വിവിധ രുചിഭേദങ്ങളിലുള്ള ഐസ്ക്രീമുകളും കൊക്കോ പാനീയവും കോക്കോ ബട്ടറും ലഭ്യമാണ്. പ്രകൃതിദത്തവിഭവങ്ങളായ കോക്കോയുടെ തോട്, ചിരട്ട, പൈനാപ്പിള്‍ എന്നിവയിലാണ് ഐസ്ക്രീമുകള്‍ നിറച്ചിരിക്കുന്നത്. വാഴൂര്‍ ബ്ലോക്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കര്‍ഷകര്‍ക്ക് കൊക്കോ തൈകള്‍ വിതരണം ചെയ്യുകയും അവരില്‍നിന്ന് കൊക്കോ വാങ്ങുകയും ചെയ്യും.