മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം ലാബിലെ രക്തപരിശോധനാ മെഷീൻ തകരാറിൽ; രോഗികൾ വലയുന്നു
1546304
Monday, April 28, 2025 6:55 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗം ലാബിലെ ബയോ കെമസ്ട്രി മെഷീൻ തകരാറിൽ. സംഭവത്തെത്തുടർന്ന് വിവിധ രക്ത പരിശോധനയ്ക്കായി ഗൈനക്കോളജിയിൽ ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ ആശുപത്രിയിലെ സെൻട്രലൈസിഡ് ലാബ് പ്രവർത്തിക്കുന്ന പൊടിപാറ ബിൽഡിംഗിൽ എത്തേണ്ടിവരുന്നു. ഒരു മാസമായി ഗൈനക്കോളജി വിഭാഗം ലാബിലെ ബയോ കെമസ്ട്രി മെഷീൻ തകരാറിലാണ്. ഗർഭിണികളും രോഗികളുമായി നുറുകണക്കിന് ആളുകളാണ് ഗൈനക്കോളജിയിൽ ചികിത്സയിലുള്ളത്.
ബയോ കെമസ്ട്രി മെഷീൻ തകരാറിലായതോടെ ആർഎഫ്ടി, എൽഎഫ്ടി, ഷുഗർ പരിശോധന തുടങ്ങിയ സാധാരണ എല്ലാവർക്കും വേണ്ടിവരുന്ന പരിശോധനയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. തുടർന്ന് രക്തസാമ്പിളുമായി രോഗിയുടെ ബന്ധുക്കൾ ഗൈനക്കോളജിയിൽനിന്ന് അകലെയുള്ള പൊടിപാറ ബിൽഡിംഗിലെത്തി ഇവിടുത്തെ ലാബിൽ പരിശോധന നടത്തേണ്ട സ്ഥിതിയാണ്.
ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ള രോഗികളാണ് വിവിധ പരിശോധനയ്ക്കായി പൊടിപാറ ബിൽഡിംഗിലെ സെൻട്രലൈസിഡ് ലാബിലെത്തുന്നത്. ഇവിടുത്തെ തിരക്ക് കുറയ്ക്കുന്നതിനും ഗൈനക്കോളജിയിൽ ചികിത്സയിലുള്ളവരുടെ സൗകര്യാർഥവുമാണ് ഗൈനക്കോളജിക്ക് പ്രത്യേകം ലാബ് സംവിധാനം ഏർപ്പെടുത്തിരിക്കുന്നത്.