ഫുട്ബോൾ താരം വിനീത് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
1546314
Monday, April 28, 2025 7:05 AM IST
വൈക്കം: ഫുട്ബോൾ താരം സി. കെ. വിനീതും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം ഉദയനാപുരം നാനാടത്ത് അപകടത്തിൽപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. വൈക്കം-പൂത്തോട്ട റൂട്ടിൽ എറണാകുളത്തേക്കു പോകുകയായിരുന്ന വാഹനം നാനാടത്ത് എത്തിയപ്പോൾ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായത്. സ്കോർപിയോ വാഹനം റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി പോസ്റ്റ് ഒടിഞ്ഞു. റോഡരികിലെ ഓടയോടു ചേർന്നുളള കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചു വാഹനം നിന്നു.
അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരും പോലീസും കെഎസ്ഇബി അധികൃതരും സംഭവസ്ഥലത്ത് എത്തിയാണ് വാഹനം നീക്കി വൈദ്യുതി പോസ്റ്റ് പുനഃസ്ഥാപിച്ചത്.