സോനറ്റ് ജോസിന് ആശംസകളുമായി മാർ ജോസ് പുളിക്കൽ
1546098
Sunday, April 27, 2025 11:33 PM IST
കാഞ്ഞിരപ്പള്ളി: സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് നേടിയ സോനറ്റ് ജോസ് ഈറ്റയ്ക്കക്കുന്നേലിന് ഭവനത്തിലെത്തി ആശംസകൾ നേർന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.
വിശ്വാസബോധ്യത്തിന്റെ ശക്തിയിൽ പ്രതിസന്ധികളിൽ തളരാതെ ഉറച്ച ലക്ഷ്യബോധത്തോടെ പരിശ്രമം തുടർന്ന സോനറ്റ് അഭിനന്ദനീയ മാതൃകയാണ് നൽകിയിരിക്കുന്നതെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയോടെ വർത്തിച്ച് മൂല്യബോധത്തോടെ പെരുമാറുന്ന മികച്ച ഉദ്യോഗസ്ഥയായി വർത്തിക്കാൻ സോനറ്റിന് കഴിയട്ടെയെന്ന് മാർ ജോസ് പുളിക്കൽ ആശംസിച്ചു.
പാർശ്വവത്കരിക്കപ്പെട്ടവരെ പരിഗണിക്കുന്നതിനും മികച്ച വിദ്യാഭ്യാസത്തിലൂടെ കർമശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നതിനുമുള്ള ആത്മാർഥമായ ആഗ്രഹമാണ് സിവിൽ സർവീസ് ലക്ഷ്യത്തിന് അധ്വാനിക്കുന്നതിന് പ്രേരണയായതെന്ന് സോനറ്റ് പറഞ്ഞു. ഇടവകക്കൂട്ടായ്മയും യുവദീപ്തി-എസ്എംവൈഎം, കുടുംബ കൂട്ടായ്മ, സ്റ്റുഡന്റ് പോലീസ് എന്നിവയും തന്റെ ലക്ഷ്യബോധത്തെ രൂപീകരിക്കുന്നതിന് നൽകിയ പ്രേരണയും പ്രചോദനവും ഹൃദയപൂർവം സ്മരിക്കുന്നതായും സോനറ്റ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപത പുഞ്ചവയൽ ഇടവകാംഗമായ സോനറ്റ് ഈറ്റയ്ക്കക്കുന്നേൽ രൂപത യുവദീപ്തി-എസ്എംവൈഎം സജീവ പ്രവർത്തകയും പുഞ്ചവയൽ യൂണിറ്റ് പ്രസിഡന്റുമായിരുന്നു.
പുഞ്ചവയൽ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ, രൂപത പാസ്റ്ററൽ അനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, ഫാ. ജേക്കബ് ചാത്തനാട്ട്, കുടുംബകൂട്ടായ്മ അംഗങ്ങൾ എന്നിവരും രൂപതാധ്യക്ഷനൊപ്പം ഭവനത്തിലെത്തിയിരുന്നു.
ആദരിച്ചു
മുണ്ടക്കയം: സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ സോനറ്റ് ജോസിനെ കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റി വീട്ടിലെത്തി ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, ഡിസിസി നിർവഹസമതി അംഗം റോയ് കപ്പലുമാക്കൽ, വി.ടി. അയൂബ് ഖാൻ, കെ.എസ്. രാജു, ബി. ജയചന്ദ്രൻ, കെ.കെ. ജനാർദനൻ, തുടങ്ങിയവർ പ്രസംഗിച്ചു.