ഒപി ടിക്കറ്റ് കൗണ്ടർ ഭാഗത്ത് കുടിവെള്ള സംവിധാനമില്ല
1546473
Tuesday, April 29, 2025 3:02 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ഒപി ടിക്കറ്റ് കൗണ്ടറും ഓർത്തോ, സർജറി ഒപി, ഗാസ്ട്രോ എന്ററോളജി തുടങ്ങി വിവിധ ഒപി വിഭാഗങ്ങളും പ്രവർത്തിക്കുന്നിടത്ത് കുടിവെള്ള സംവിധാനമില്ലാത്തത് രോഗികൾക്കു ദുരിതം വിതയ്ക്കുന്നു.
ഒപി ടിക്കറ്റ് കൗണ്ടർ മുതൽ ഫാർമസിക്കപ്പുറത്തേക്കും ഒപി ടിക്കറ്റെടുക്കാൻ നിൽക്കുന്നവരുടെ ക്യൂ നീളാറുണ്ട്. മണിക്കൂറുകൾ ക്യൂവിൽ നിന്നാണ് രോഗികളും കൂടെ വരുന്നവരും ടിക്കറ്റ് എടുക്കുന്നത്. ടിക്കറ്റ് കിട്ടിക്കഴിഞ്ഞാൽ ഡോക്ടറെ കാണുന്നതിനും മണിക്കൂറുകൾ കാത്തിരിക്കണം. രോഗികളും ബന്ധുക്കളും ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ആറും ഏഴും മണിക്കൂർ എല്ലാ ദിവസവും ഇവിടെ തങ്ങുന്നത്.
എന്നാൽ, ഇരുന്നും നിന്നും മടക്കുമ്പോൾ രോഗികൾക്കും ബന്ധുക്കൾക്കും ഇത്തിരി വെള്ളം കുടിക്കാൻ ഇവിടെ സംവിധാനമില്ല. ഇതേത്തുടർന്ന് 20 രൂപ മുടക്കി കുപ്പി വെള്ളം വാങ്ങി കുടിക്കേണ്ട സ്ഥിതിയാണ്. മുമ്പ് ഒപി ടിക്കറ്റ് കൗണ്ടറിനു സമീപം കുടിവെള്ളത്തിന് സംവിധാനമുണ്ടായിരുന്നു.
എന്നാൽ, ഈ കുടിവെള്ള സംവിധാനം തകരാറിലായിട്ട് ഒരു വർഷം പിന്നിട്ടു. ഇതോടെ രോഗികൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. നിർധനരായ പലർക്കും കുടിവെള്ളത്തിനു മുടക്കാൻ 20 രൂപ പോലും കൈയ്യിൽ കാണില്ലെന്ന യാഥാർഥ്യവുമുണ്ട്.