പാലാ നഗരസഭാ ഭരണം പരാജയമെന്ന് പ്രതിപക്ഷം
1546382
Monday, April 28, 2025 11:39 PM IST
പാലാ: പാലാ നഗരസഭ ഭരണം സമസ്ത മേഖലകളിലും പരാജയമാണെന്നും കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയെന്നും പ്രതിപക്ഷം. പത്ര സമ്മേളനത്തിലാണ് നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഭരണ കക്ഷിക്കെതിരേ രംഗത്തെത്തിയത്.
നഗരസഭയില്‍ ഭരണ സ്തംഭനവും വികസന മുരടിപ്പുമാണ് കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് സംഭവിച്ചത്. സംസ്ഥാനഭരണവും മന്ത്രിയും കൈപ്പിടിയില്‍ ഉണ്ടായിട്ടും ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന അഭിമാനകരമായ ഒരു പദ്ധതി പോലും ഈ നാല് വര്‍ഷക്കാലയളവിനുള്ളില്‍ നഗരത്തില്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. മാറിമാറി വന്ന നാലു ചെയര്മാന്മാര് ഒരുപാട് പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഒന്നുപോലും പ്രാവര്‍ത്തികമാക്കാനും യാഥാര്‍ത്ഥ്യമാക്കുവാനും സാധിച്ചിട്ടില്ല.
നഗരസഭാ പരിധിയിലെ പബ്ലിക് ടോയ്ലറ്റുകളുടെ ശോചനീയാവസ്ഥ പാലായ്ക്ക് വലിയ അപമാനമാണ്.
ശുചിമുറി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നത് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ പ്രമേയം തികഞ്ഞ ലാഘവത്തോടെയാണ് ഭരണാധികാരികള്‍ കൈകാര്യം ചെയ്തത്. മാലിന്യ സംസ്കരണം പാലാ നഗരസഭയില്‍ കുത്തഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സിന്തറ്റിക് ട്രാക്ക് പുനരുദ്ധാരണ പദ്ധതികളൊന്നും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. ശക്തമായ ഒരു മഴ പെയ്താല്‍ തന്നെ പാലാ നഗരത്തില്‍ ഉടനീളം വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നു.
ലണ്ടന്‍ ബ്രിഡ്ജും ഓപ്പണ്‍ ഓഡിറ്റോറിയവും സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയ സംഘങ്ങളുടെയും ഇടത്താവളങ്ങളാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാന്‍ ഭരണസമിതിക്ക് സാധിച്ചിട്ടില്ല. നഗരസഭാ പരിധിക്കുള്ളില്‍ നടക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും നേരേ കണ്ണടയ്ക്കുന്ന സമീപനമാണ് ഭരണസമിതി കാലങ്ങളായി കൈക്കൊണ്ടുപോരുന്നത്.
നിയമാനുസൃതം കച്ചവടം നടത്തുന്ന വ്യാപാര സമൂഹത്തിന് വഴിയോരക്കച്ചവടം വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താതെ ഭരണസമിതി ഇത് അഴിമതിക്കുള്ള ഉപാധിയായിട്ടാണ് കാണുന്നതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് പ്രഫ. സതീശ് ചൊള്ളാനി, കൗണ്‍സിലര്‍മാരായ ജോസ് എടേട്ട്, വി.സി. പ്രിന്‍സ്, ജിമ്മി ജോസഫ്, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, മായ രാഹുല്‍, സിജി ടോണി, ലിജി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.