പാലത്തിന്റെ പ്രവേശനപാത നിർമാണത്തിനായുള്ള ഇരുമ്പുകമ്പികൾ മോഷ്ടിച്ചയാൾ പിടിയിൽ
1546312
Monday, April 28, 2025 6:55 AM IST
കുമരകം: കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാത നിർമാണത്തിന് സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികൾ മോഷ്ടിച്ച പ്രതി പിടിയിൽ. കുമരകം സ്വദേശി കുന്നത്തുകളത്തിൽ ബിനോയ് വിശ്വനാഥനെ (മണിക്കുട്ടൻ) യാണ് കുമരകം പോലീസ് കസ്റ്റഡിയിൽ എടുത്തത്.
1,881 കിലോ ഇരുമ്പ് കമ്പികൾ മോഷണം പോയതായി കഴിഞ്ഞ ദിവസമാണ് പാലത്തിന്റെ കരാറുകാരൻ കുമരകം പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ പല ദിവസങ്ങളിലായി എത്തിയാണ് മോഷണം നടത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാതയുടെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ് എന്നാരോപിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുത്ത ആളാണ് ഇപ്പോൾ അറസ്റ്റിലായ പ്രതി.
കുമരകം എസ് എച്ച്ഒ കെ. ഷിജിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
മോഷണക്കേസ് രാഷ്ട്രീയവത്കരിക്കാൻ ശ്രമമെന്ന് കോൺഗ്രസ്
കുമരകം: കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാതയുടെ നിർമാണത്തിനായുള്ള ഇരുമ്പുകമ്പി മോഷണം പോയ സംഭവത്തിൽ കോൺഗ്രസിനെ പഴി ചാരാൻ വിഫലശ്രമം നടക്കുന്നതായി കുമരകം മണ്ഡലം കമ്മറ്റി. കോൺഗ്രസിന്റെ മെമ്പർഷിപ്പ് ഇല്ലാത്ത അനുഭാവി മാത്രമായ വ്യക്തിയെ കരുവാക്കി യഥാർഥ പ്രതികളെ രക്ഷിക്കുന്നതിനാണ് ശ്രമം നടക്കുന്നത്.
കുമരകത്തെ സിപിഎമ്മും പോലീസും ചേർന്ന് നടത്തുന്ന ഈ നാടകം ജനങ്ങൾ തിരിച്ചറിയും ആറുമാസം കൊണ്ട് പണിതീർക്കും എന്നു പറഞ്ഞ പാലം മൂന്ന് വർഷമായിട്ടും തീർക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സമരം നടത്തിയതിന്റെ വൈരാഗ്യമാണ് ഈ മോഷണ നാടകത്തിൽ പ്രതിഫലിച്ചിരിക്കുന്നത്. യഥാർഥമായിട്ടും കമ്പി മോഷ്ടിച്ച പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.