ദീപിക ബാലസഖ്യം ജീവിതദർശന-നേതൃത്വ പരിശീലന ക്യാന്പിനു തുടക്കമായി
1546371
Monday, April 28, 2025 11:39 PM IST
കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം (ഡിസിഎൽ) കോട്ടയം പ്രവിശ്യ സംഘടിപ്പിക്കുന്ന പെറ്റ്സ് - 2025 ദ്വിദിന ജീവിതദർശന - നേതൃത്വ പരിശീലന ക്യാന്പിന് പൊടിമറ്റം നിർമല റിന്യൂവൽ സെന്ററിൽ തുടക്കമായി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണവും ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ ആമുഖസന്ദേശവും നൽകി. കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി ടി.ജെ. തോമസ്, ഡിസിഎൽ നാഷണൽ കോ ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ എന്നിവർ പ്രസംഗിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ 54ാം റാങ്ക് നേടിയ സോനറ്റ് ജോസ് കുട്ടികളുമായി സംവദിച്ചു. ഇന്നു നടക്കുന്ന സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.