ബിഎസ്എന്‍എല്‍ ‘പരിധിക്കു പുറത്ത്'; ഉപഭോക്താക്കള്‍ വലയുന്നു
1546483
Tuesday, April 29, 2025 3:02 AM IST
ചങ്ങനാശേരി: ബിഎസ്എന്‍എല്‍ ചങ്ങനാശേരി താലൂക്കില്‍ പരിധിക്കു പുറത്ത്. ഉപഭോക്താക്കള്‍ വലയുന്നു. ലാൻഡ് ഫോണുകളിലും മൊബൈല്‍ ഫോണുകളിലും കോളുകള്‍ വിളിക്കുമ്പോള്‍ ക്ലാരിറ്റി കുറയുക, മുറിഞ്ഞുപോകുക, കോളുകള്‍ നിന്നുപോകുക തുടങ്ങിയ തടസങ്ങളാണ് നേരിടുന്നത്. ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കും തടസവും വേഗതക്കുറവും അനുഭവപ്പെടുന്നുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു പോലെ കണക്ഷന് തകരാറുകള്‍ നേരിടുകയാണ്.
പ്രതിസന്ധികള്‍ രൂക്ഷമായതോടെ ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ ഉപേക്ഷിച്ച് വന്‍തോതില്‍ സ്വകാര്യ കണക്ഷനുകളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. ഇതോടെ സ്വകാര്യ കണക്ഷനുകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തുടനീളം ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ക്ക് പ്രതിസന്ധി നേരിടുന്നതായി പരക്കെ ആക്ഷേപമുണ്ട്.
എന്നാല്‍, 4ജി സ്റ്റെബിലൈസേഷനുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുടെ അപ്ഗ്രേഡേഷൻ നടക്കുന്നതിനാലാണ് കണക്ഷനില്‍ തടസങ്ങള്‍ നേരിടുന്നതെന്നും മുഴുവന്‍ ടവറുകളിലും മൂന്നുമാസത്തിനകം പ്രതിസന്ധികള്‍ പരിഹിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ബിഎസ്എന്‍എൽ അധികൃതര്‍ പറഞ്ഞു. അപഗ്രേഡേഷന് പൂര്‍ത്തിയാകുമ്പോള്‍ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ നല്‍കാനാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.