ശബരി എയര്‍പോര്‍ട്ട്: സ്ഥലം അളന്നുതിരിക്കല്‍ ആറു മാസത്തിനുള്ളില്‍
1546368
Monday, April 28, 2025 11:39 PM IST
കോട്ടയം: എരുമേലി ശബരി ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം വന്നതിനു പിന്നാലെ സര്‍ക്കാര്‍ ഗസറ്റ് പ്രകാരമുള്ള ഔദ്യോഗിക വിവരങ്ങള്‍ അറിയിക്കാന്‍ പത്രങ്ങളില്‍ പരസ്യം നല്‍കും.
സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന വ്യക്തികള്‍, ട്രസ്റ്റ്, സ്ഥലവിസ്തൃതി, അതിര് തുടങ്ങി എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കും. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2,569 ഏക്കര്‍ (1039.876 ഹെക്ടര്‍) ഭൂമിയാണ് ഏറ്റെടുക്കപ്പെടുന്നത്. പത്രപരസ്യം നല്കുന്നതിനു പിന്നാലെ ബന്ധപ്പെട്ട എല്ലാ വ്യക്തികള്‍ക്കും 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം രേഖാമൂലം റവന്യു അധികൃതര്‍ നേരിട്ട് അറിയിപ്പ് നല്‍കും. പരസ്യത്തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ ആക്ഷേപമുള്ളവര്‍ക്ക് വിവരം അറിയിക്കാം. ഏറ്റെടുക്കുന്ന ഭൂമിയുടെ പൊതു ആവശ്യത്തില്‍ പറഞ്ഞിട്ടുള്ള ന്യായീകരണത്തെയും സാമൂഹ്യ പ്രത്യാഘാത റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും സംബന്ധിച്ച ആക്ഷേപം ഉണ്ടെങ്കില്‍ 60 ദിവസത്തിനുള്ളില്‍ രേഖാമൂലം കോട്ടയം മിനി സിവില്‍ സ്റ്റേഷനിലെ സ്പെഷല്‍ തഹസില്‍ദാരെ (എല്‍എ-ജനറല്‍) അറിയിക്കാം.
എരുമേലി തെക്ക് വില്ലേജിലെ സര്‍വേ 282ലെ 811 ഹെക്ടറും സര്‍വേ 281ലെ 42.58 ഹെക്ടറും മണിമല വില്ലേജിലെ 60.43 ഹെക്ടറും ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ കൈവശമുള്ള ഭൂമിയാണ്. എരുമേലി സൗത്ത് വില്ലേജിലെ 1.83 ഹെക്ടര്‍ ഭൂമി മലയാളം പ്ലാന്റേഷന്റെ കൈവശമുള്ളതാണ്. ഇതു സംബന്ധിച്ച നിയമവ്യവഹാരം പാലാ സബ് കോടതിയില്‍ നടന്നുവരികയാണ്.
ഇതു കൂടാതെ സ്ഥലം ഏറ്റെടുക്കേണ്ടത് എരുമേലി, മണിമല പഞ്ചായത്ത് പരിധിയിലെ 352 കുടുംബങ്ങളുടെതാണ്. ഇതില്‍ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്നവരുമുണ്ട്. സ്ഥലം ഏറ്റെടുക്കുന്നവരുടെ ആധാരവും കരമടച്ച രസീതും അടിസ്ഥാനമാക്കി റീ സര്‍വേ നടത്തി ആറു മാസത്തിനുള്ളില്‍ അളന്നുതിരിക്കും. തുടര്‍ന്നു കെട്ടിടം, ഭൂമി, മറ്റ് വസ്തുക്കള്‍ എന്നിവയുടെ വില നിശ്ചയിച്ച് നഷ്ടപരിഹാരം ശിപാര്‍ശ ചെയ്യും. 2013 ഭൂമി ഏറ്റെടുക്കല്‍ നിയമവും 2015ലെ ചട്ടവും അനുസരിച്ചുള്ള നഷ്ടപരിഹാരം ഉടമകള്‍ക്ക് നല്‍കും. ഉടമസ്ഥതാവകാശം സംബന്ധിച്ച് കേസ് നിലവിലുള്ളതിനാല്‍ ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിന് അര്‍ഹമായ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവയ്ക്കും.
ആഭ്യന്തരം, റവന്യു, വനം, ധനകാര്യം, സാമൂഹികക്ഷേമം തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ ആലോചകള്ക്കുശേഷമാണ് സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം വന്നിരിക്കുന്നത്. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയോടു ചേര്‍ന്നാണ് ശബരി എയര്‍പോര്‍ട്ട് നിര്‍മിക്കുന്നത്. എരുമേലി ടൗണില്‍നിന്ന് മൂന്നു കിലോമീറ്ററും പമ്പയില്‍നിന്ന് 50 കിലോമീറ്ററും കോട്ടയത്തുനിന്ന് 42 കിലോമീറ്ററുമാണ് എയര്‍പോര്‍ട്ടിലേക്കുള്ള ദൂരം.