കവല കടക്കാൻ തുഴയണം; ഒറ്റമഴയിൽ പള്ളിക്കവല വെള്ളക്കവല
1546378
Monday, April 28, 2025 11:39 PM IST
കുറവിലങ്ങാട്: പള്ളിക്കവല കടക്കാൻ തുഴയണം. യാത്ര കാൽനടയാണെങ്കിലും വാഹനത്തിലാണെങ്കിലും ദുർഗതിതന്നെ. കനത്ത ഒരു മഴ പെയ്താൽ പള്ളിക്കവല വെള്ളക്കെട്ടായി മാറും. ഇരുചക്രവാഹനങ്ങളടക്കം വെള്ളക്കെട്ടിൽ നിന്നുപോകുന്ന സ്ഥിതിയാണ്.
പള്ളിക്കവലയിൽ നിന്ന് വെള്ളമൊഴുകി വലിയതോട്ടിലെത്താനുള്ള വഴികളടഞ്ഞതോടെയാണ് പള്ളിക്കവലയുടെ സ്ഥിതി ദുരിതത്തിലായത്. വെള്ളമൊഴുകിയെത്തുന്ന ഓടകൾ പലതും കോൺക്രീറ്റ് ചെയ്ത് അടച്ച സ്ഥിതിയിലാണെങ്കിലും പരിഹാരം കണ്ടെത്താൻ നടപടികളില്ല. പള്ളിത്താഴെ റോഡിലേക്ക് ഓടയിൽ നിന്ന് വെള്ളം തിരിച്ച് കയറുന്ന സ്ഥിതിയാണുള്ളത്.
ബൈപാസ് റോഡ് എത്തിയതോടെ വലിതോടിന് സമീപമുള്ള പാടങ്ങളെല്ലാം കൂട്ടത്തോടെ നികത്തിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. പാടം നികത്തി കെട്ടിട നിർമാണമടക്കം ഇവിടെ ആരംഭിച്ചിട്ടുണ്ട്. ബൈപ്പാസിന് കിഴക്ക് ഭാഗത്തുനിന്ന് വെള്ളം വലിയതോട്ടിലെത്താൻ മതിയായ രീതിയിൽ കലുങ്കുപോലുമില്ല. പാടം നികന്നതോടെ ചിലയിടങ്ങളിൽ ഓടയിലൂടെയെത്തുന്ന വെള്ളം താഴ്ന്നു തോട്ടിലെത്താനും വഴികളില്ല.
മുണ്ടൻവരമ്പ്, ഇലയ്ക്കാട് റോഡുകളിൽ നിന്ന് വെള്ളം പാറ്റാനി ഭാഗത്തെത്തിയിരുന്ന ഓട അടച്ചതിനാൽ ഈ വെള്ളവും ഒഴുകി പള്ളിക്കവലയിലെത്തുന്ന സ്ഥിതി പ്രശ്നം രൂക്ഷമാക്കുന്നുണ്ട്.
ആയിരക്കണക്കിന് വാഹനങ്ങളെത്തുന്ന പള്ളിക്കവലയിലെ വെള്ളക്കെട്ട് ദുരന്തനിവാരണപദ്ധതിയിലടക്കം നടപടികളുണ്ടാകുമെന്ന പ്രഖ്യാപനങ്ങളുണ്ടായെങ്കിലും നടപടികളുണ്ടായിട്ടില്ല. കനത്തമഴ പെയ്താൽ വ്യാപാരസ്ഥാപനങ്ങളും ടൗണിലെ ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്.