കഴിവ് തെളിയിച്ച് എംജിയിലെ വനിതാതാരങ്ങള്‍ : സൗത്ത് സോണ്‍ വനിതാ ബാസ്കറ്റ്ബോള്‍: ചങ്ങനാശേരിക്ക് വേറിട്ട കായികോത്സവമായി
1490303
Friday, December 27, 2024 7:00 AM IST
ചങ്ങനാശേരി: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ നേതൃത്വത്തില്‍ അസംപ്ഷന്‍ കോളജില്‍ സംഘടിപ്പിച്ച സൗത്ത് സോണ്‍ അന്തര്‍-സര്‍വകലാശാല വനിതാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ് 2024-25 ചങ്ങനാശേരിക്ക് വേറിട്ട കായികോത്സവമായി. ദക്ഷിണേന്ത്യന്‍ സര്‍വകലാശാലകളില്‍നിന്നുള്ള മികച്ച 58 ബാസ്കറ്റ്ബോള്‍ ടീമുകൾ തങ്ങളുടെ മികവ് പ്രദര്‍ശിപ്പിച്ചതായിരുന്നു ചാമ്പ്യന്‍ഷിപ്പ്.
ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ നടന്ന ഫൈനൽ റൗണ്ട് മത്സരത്തിലും ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ചങ്ങനാശേരി സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായി നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിലും 690 കളിക്കാര്‍ പങ്കെടുത്തു.
എസ്ആര്‍എം വനിതാ ബാസ്കറ്റ്ബോള്‍ ടീം ജേതാക്കളായ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ മഹാത്മാഗാന്ധി സര്‍വകലാശാല രണ്ടാം സ്ഥാനവും കാലിക്കട്ട്, ക്രൈസ്റ്റ് (ഡീംഡ് യൂണിവേഴ്സിറ്റി) സര്‍വകലാശാലകള്‍ മൂന്നും നാലും സ്ഥാനങ്ങളും നേടി. ഈ നാലു സര്‍വകലാശാലകളും ഹരിയാനയിലെ കുരുക്ഷേത്ര സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യ അന്തര്‍സര്‍വകലാശാല വനിതാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് പങ്കെടുക്കാന്‍ അര്‍ഹത നേടി.
കഴിഞ്ഞവര്‍ഷം ക്വാളിഫൈ ചെയ്യാതിരുന്ന എംജി യൂണിവേഴ്സിറ്റി 2024-25ലെ ഓള് ഇന്ത്യ യൂണിവേഴ്സിറ്റി സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി വനിതാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയതും കളിയിലുടനീളം അസാധാരണമായ വൈദഗ്ധ്യവും കായികക്ഷമതയും പ്രകടമാക്കിയതും അഭിമാനമായി.