മേമ്മുറി സഹൃദയ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് നാടിന്റെ ആവേശമായി മാറിയിട്ട് പത്ത് വര്‍ഷം
1490298
Friday, December 27, 2024 6:56 AM IST
മാന്‍വെട്ടം: മേമ്മുറി സഹൃദയ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് ഒരു നാടിന്റെ ആവേശമായി മാറിയിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിടുന്നു. പത്താമത് ഫുട്ബോള്‍ ടൂര്‍ണമെന്റും ന്യൂ ഇയര്‍ ആഘോഷവുമായി സഹൃദയ വീണ്ടുമെത്തുമ്പോള്‍ നാട്ടുകാരും ആഹ്ളാദത്തിലാണ്. ഇതിനോടകം നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും സഹൃദയ നേടിയിട്ടുണ്ട്.
2018 പ്രളയകാലത്തും കോവിഡ് കാലത്തും മാതൃകാപരമായ പ്രവര്‍ത്തനമാണ് ക്ലബ് നടത്തിയത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നതിനും സാമൂഹിക അടുക്കള നടത്തിപ്പിലും രോഗബാധിതര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിലും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിലും സൗജന്യമായി മാസ്കും സാനിറ്റൈസര്‍ വിതരണം ചെയ്തും രണ്ട് വര്‍ഷം നാടിനും സര്‍ക്കാരിനൊപ്പം സഹൃദയുണ്ടായിരുന്നു.
ക്ലബ് അംഗങ്ങളുടെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ സാമ്പത്തിക സഹായം നല്കുന്ന കാരുണ്യ സ്പര്‍ശം പദ്ധതി, നിരാലംബരായ രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ സഹായം നല്കുന്ന സഹായഹസ്തം പദ്ധതി, മെഡിക്കല്‍ ക്യാമ്പുകള്‍, നേത്ര ചികിത്സാ ക്യാമ്പുകള്‍, ബോധവത്കരണ ക്ലാസുകള്‍, വയോജന കൂട്ടായ്മകള്‍, അറുപത് വര്‍ഷം റോഡ് സൗകര്യമില്ലാത്ത താമസിച്ചിരുന്ന വയോധികയും ഏകയുമായ ഇന്ദിരാമയ്ക്ക് റോഡ് നിര്‍മിച്ചു നല്കി, ഓമല്ലൂര്‍ ഹെല്‍ത്ത് സെന്റര്‍, കുറുപ്പന്തറ കുടുംബ ആരോഗ്യകേന്ദ്രം എന്നിവടങ്ങളില്‍ നിരവധി സഹായം, ജില്ലയിലെ തന്നെ ഏറ്റവും മികച്ച രക്തദാന സേന എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് ക്ലബ് ഇതിനോടകം നടത്തിയത്.
പത്ത് വര്‍ഷമായി മുടങ്ങാതെ ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി. ഫ്ളഡ് ലൈറ്റ് വോളിബോള്‍ ടൂര്‍ണമെന്റ്, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, കൗണ്ടി ക്രിക്കറ്റ് ടൂര്‍ണമെന്റ്, ക്യാരംസ് ടൂര്‍ണമെന്റ് എന്നിവയെല്ലാം നടത്തി.
പത്ത് വര്‍ഷത്തിനിടെയില്‍ 2021, 22 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ലബായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും നെഹ്റു യുവകേന്ദ്രയും സഹൃദയയെ തെരഞ്ഞെടുത്തു. 2018 ലെയും 2019 ലെയും പ്രളയകാല പ്രവര്‍ത്തനത്തിനും 2020 - 21 ലെ കോവിഡ് രക്ഷാപ്രവര്‍ത്തനത്തിനും മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസാപത്രം ക്ലബിന് ലഭിച്ചു.
കുര്യംപറമ്പില്‍ കെ.സി. മാത്യു വിട്ടുനല്‍കിയ കെട്ടിടം ഓഫീസായും അദേഹത്തിന്റെ സ്ഥലം മൈതാനമായുമാണ് ക്ലബ് ഉപയോഗിച്ചു വരുന്നത്. പ്രതിസന്ധികള്‍ക്കിടെയിലും ദീര്‍ഘകാലം പ്രസിഡന്റും ഇപ്പോള്‍ രക്ഷാധികാരിയുമായ ജയിംസ് പുല്ലാപ്പള്ളിയുടെയും പ്രസിഡന്റ് അനി മാന്വെട്ടത്തിന്റെയും സെക്രട്ടറി അഖില്‍ അശോകന്റെയും മറ്റംഗങ്ങളുടെയുമെല്ലാം കൂട്ടായ നേതൃത്വത്തിലാണ് ക്ലബിന്റെ പ്രയാണം.