അസീഫിന് ജന്മനാട് കണ്ണീരോടെ വിടയേകി
1490294
Friday, December 27, 2024 6:56 AM IST
തലയോലപറമ്പ്: കുടുംബത്തിന്റെയും കൂട്ടുകാരുടേയുംനാട്ടുകാരുടേയും പ്രിയങ്കരനായിരുന്ന കൗമാരക്കാരൻ കൂട്ടുക്കാർക്കൊപ്പം കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചെന്ന് വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് വെട്ടിക്കാട്ടുമുക്ക് ഗ്രാമം. പ്രായത്തേക്കാൾ പക്വത കാട്ടി നന്നായി പെരുമാറിയിരുന്ന അസീഫ് പ്രദേശവാസികൾക്കെല്ലാം പ്രിയങ്കരനായിരുന്നു. തലേ ദിവസവും കൂട്ടുകാർക്കൊപ്പമെത്തി കുളിച്ചു കയറിപ്പോയ പുഴക്കടവിലാണ് അസീഫ് മുങ്ങിത്താണത്.
പുഴയോരത്തെ പഞ്ചായത്ത് കുളക്കടവിൽ ചെളി അടിഞ്ഞുകൂടിയതോടെ കുളിക്കാൻ പറ്റാതായതോടെയാണ് പ്രദേശവാസികൾ സമീപത്തെ സംഘത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള കടവിൽ കുളിച്ചു തുടങ്ങിയത്. ആഴക്കൂടുതലുള്ള ഇവിടെ കരിങ്കല്ലുകളിട്ട് പുലിമുട്ട് തീർത്തിട്ടുണ്ട്. കടവിൽ നിന്ന് ഏതാനും മീറ്റർ മുന്നോട്ടു നീങ്ങിയാൽ നിലയില്ലാത്ത കയമാണ്. ശക്തമായ അടി ഒഴുക്കുള്ള ഇവിടെ ചുഴിയുമുണ്ട്. കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടയിൽ ആഴമേറിയ ഭാഗത്തെത്തിയപ്പോൾ അസീഫ് മുങ്ങിത്താഴുകയായിരുന്നു.
അസീഫ് അപകടപ്പെട്ടത് കണ്ട് കുട്ടുകാർ സഹായത്തിനായി അലറി വിളിച്ചപ്പോൾ സമീപവാസിയായ സെമീറടക്കം ചിലർ പുഴയിൽ ചാടി രക്ഷാപ്രവർത്തനം നടത്തി. പുലിമുട്ടുള്ളതിനാൽ ഒഴുക്കിൽപ്പെട്ട് മരച്ചില്ലകളും മറ്റും പുഴയുടെ അടിത്തട്ടിൽ കിടന്നതിനാൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സെമീറിന്റെ മുഖത്ത് പരിക്കേറ്റിരുന്നു. വൈക്കം, കടുത്തുരുത്തി ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയതോടെ 1.45 ഓടെ മൃതദേഹം കണ്ടെടുത്തു.
അസീഫിന്റെ പിതാവ് മുജീബ് റഹ്മാൻ അസുഖ ബാധിതനായതിനെ തുടർന്ന് ചികിൽസയിലാണ്. വീടിനും നാടിനും ഉപകാരിയായിരുന്ന വിദ്യാർഥിയുടെ അകാലത്തിലെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കളും ബന്ധുക്കളും ഹൃദയം നുറുങ്ങി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാനാതെ കണ്ണീർപൊഴിക്കുകയായിരുന്നു വെട്ടിക്കാട്ട്മുക്ക് നിവാസികൾ.