പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു
1490295
Friday, December 27, 2024 6:56 AM IST
തലയോലപ്പറമ്പ്: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. വെട്ടിക്കാട്ടുമുക്ക് കൊടിയനേഴത്ത് മുജീബ് റഹ്മാന്റെ മകനും കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയുമായ അസീഫാ(17)ണ് മരിച്ചത്. മൂവാറ്റുപുഴയാറ്റിൽ വെട്ടിക്കാട്ട്മുക്ക് പാലത്തിനു പടിഞ്ഞാറ് ഭാഗത്ത് കയർ സംഘത്തിനു സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തോട് ചേർന്നുള്ള കടവിൽ അസീഫും കൂട്ടുകാരും 12.30ഓടെയാണ് കുളിക്കാനിറങ്ങിയത്.
നീന്തുന്നതിനിടയിൽ 12.45ഓടെയാണ് അസീഫ് മുങ്ങിത്താണത്.കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ട് സമീപവാസിയായ സമീറടക്കം പ്രദേശവാസികൾ ഓടിയെത്തി പുഴയിൽ ചാടി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് കോട്ടയത്തു നിന്നെത്തിയ സ്കൂബ ടീമും വൈക്കം, കടുത്തുരുത്തി ഫയർ ഫോഴ്സും തലയോലപ്പറമ്പ് പോലീസും നാട്ടുകാരും ചേർന്നുനടത്തിയ തെരച്ചിലിനെ തുടർന്ന് 1.45 ഓടെ മൃതദേഹം കണ്ടെടുത്തു.
പോസ്റ്റുമോർട്ടത്തിനുശേഷം കബറടക്കം നടത്തി. മാതാവ്:ഷെമി.സഹോദരൻ:അൽത്താഫ്