എംഎൽഎ ഇടപെട്ടു; താലൂക്ക് വികസനസമിതി നിര്‍ദേശാനുസരണം പൂവത്തിനും കുറ്റിശേരിക്കടവിനും ബസ് സര്‍വീസ് ആരംഭിച്ചു
1479087
Thursday, November 14, 2024 7:29 AM IST
ചങ്ങനാശേരി: താലൂക്ക് വികസനസമിതിയുടെ നിര്‍ദേശം. പൂവം, കുറ്റിശേരിക്കടവ് റൂട്ടുകളില്‍ ബസ് സര്‍വീസ് പുനരാരംഭിച്ചു. വീതികുറഞ്ഞതും വളവും തിരിവുമുള്ളതുമായ റോഡായതിനാല്‍ ചെറിയ ബസിനു മാത്രമേ ഈ റൂട്ടുകളില്‍ ഓടാന്‍ കഴിയുമായിരുന്നുള്ളു. ചെറിയ ബസില്ലാതിരുന്നതിനാല്‍ മാസങ്ങളായി ഈ റൂട്ടില്‍ ബസ് സര്‍വീസ് നിലച്ചിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ഇരുറൂട്ടുകളിലും ബസ് നിലച്ചതു സംബന്ധിച്ചു പരാതി ഉയര്‍ന്നിരുന്നു. യോഗത്തില്‍ സന്നിഹിതനായിരുന്ന ജോബ് മൈക്കിള്‍ എംഎല്‍എ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസ് പുനരാരംഭിച്ചത്. ആലപ്പുഴ ഡിപ്പോയില്‍നിന്നും ചെറിയ ബസ് ചങ്ങനാശേരിയില്‍ എത്തിച്ചാണ് സര്‍വീസ് ആരംഭിച്ചത്.
ബസ് പുനരാരംഭിച്ചത് പൂവം, പെരുമ്പുഴക്കടവ് മേഖലകളിലെയും വാഴപ്പള്ളി, കുറ്റിശേരിക്കടവ് ഭാഗങ്ങളിലേയും നൂറുകണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമായി. ബസ് സര്‍വീസ് നിര്‍ത്തിലാക്കിയത് വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളും ഉള്‍പ്പെടുന്ന നാട്ടുകാര്‍ക്ക് ഏറെ ദുരിതമായിരുന്നു. പൂവം റോഡ് തകര്‍ന്നു കിടക്കുന്നത് വാഹനസഞ്ചാരത്തിനു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്.
രാവിലെ 7.15, 8.15, 9.30, 11.50, വൈകിട്ട് 4, 5, 6.15 സമയങ്ങളിലാണ് ചങ്ങനാശേരിയില്‍ നിന്നും പൂവത്തേക്കുള്ള ബസ് പുറപ്പെടുന്നത്. രാവിലെ 8.55, 10, വൈകിട്ട് 4.30, 5.40 എന്നിങ്ങനെയാണ് കുറ്റിശേരിക്കടവ് സര്‍വീസ് നടത്തുന്നത്.