സമ്പൂർണ ശുചിത്വ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പരിപാടിയെന്ന് ആക്ഷേപം
1532384
Thursday, March 13, 2025 12:49 AM IST
കരുവഞ്ചാൽ: നടുവിൽ പഞ്ചായത്തിൽ ഇന്ന് നടക്കുന്ന സമ്പൂർണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പരിപാടിയാണെന്ന് പുഴ സംരക്ഷണസമതി. കരുവഞ്ചാൽ ടൗണിലെ പുഴയോരത്തുള്ള കെട്ടിടങ്ങളിൽ നിന്ന് കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
അതിരൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന മലയോരത്തെ പ്രധാന പുഴകളിൽ ഒന്നായ നിരവധിയാളുകൾ കുളിക്കുവാനും, കുടിക്കുവാനും മറ്റ് പ്രഥാമിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഈ പ്രദേശത്തിന്റെ ജീവനോപാധിയായ കരുവഞ്ചാൽ പുഴ മലിനമാക്കപ്പെട്ടിട്ടും ഇത് പരിഹാരിക്കാനുള്ള ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അതുപോലെ തന്നെ പാതയോരങ്ങളിലെ ഓവുചാലുകളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിർബാധം കാണാൻ കഴിയും. ഇതിനെതിരേ നടപടി സ്വീകരിക്കുവാൻ ആവശ്യപ്പെട്ടു കൊണ്ട് പുഴസംരക്ഷണ പ്രവർത്തകർ ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകുവാൻ തീരുമാനിച്ചു.
യോഗത്തിൽ സി.എം. കോരൻ അധ്യക്ഷത വഹിച്ചു. മനു തോമസ്, ടി.പി. സദാനന്ദൻ, കെ.കെ മുകുന്ദൻ, കെ.ഏൻ രാജൻ, വി.എൻ. പവിത്രൻ, ഒ.കെ. ബാലകൃഷ്ണൻ, വി.എൻ. കൃഷ്ണൻ, പങ്കജാക്ഷൻ കുറുവാച്ചിറ, ബേബി തറപ്പേൽ, രാഗേഷ്ചന്ദ്രൻ,കെ.സി. ലക്ഷ്മണൻ, അസീൻ പറോൽ എന്നിവർ പ്രസംഗിച്ചു.