ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് പരിരക്ഷ ഉറപ്പാക്കണം: വനിതാ കമ്മീഷൻ
1532379
Thursday, March 13, 2025 12:49 AM IST
കണ്ണൂർ: ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന സ്ത്രീകളുടെ പരിരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടൽ നടത്തണമെന്ന് കേരളവനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി പറഞ്ഞു. വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്തിന് ശേഷം കളക്ടറേറ്റിൽ സംസാരിക്കുകയായിരുന്നു അവർ. ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ളതോ വിധവയോ അവിവാഹിതയോ ആയ സ്ത്രീകൾ സ്വത്തിന്റെ പേരിലും മറ്റും പലവിധ ചൂഷണങ്ങൾക്ക് ഇരയാകുന്നു. മുതിർന്ന സ്ത്രീകൾക്ക് വൈകാരികമായി ബന്ധമുള്ള കാര്യങ്ങളിലാവും ശല്യപ്പെടുത്തലുകൾ ഉണ്ടാവുന്നത്. ഇവർ വലിയ മാനസിക സംഘർഷം നേരിടുന്നുണ്ട്. മോശം അനുഭവം ഉണ്ടാകുന്ന ഇത്തരം പരാതികൾ കൂടിവരുകയാണ്. ഇതിനെതിരെ വാർഡ്തല ജാഗ്രതാ സമിതികൾ ശക്തമായ ഇടപെടൽ നടത്തണമെന്നും ചെയർപേഴ്സൺ പറഞ്ഞു.
സിറ്റിംഗിൽ ഒൻപത്
പരാതികൾ തീർപ്പാക്കി
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കമ്മീഷൻ ജില്ലാതല സിറ്റിംഗിൽ പരിഗണിച്ച 51 പരാതികളിൽ ഒൻപത് എണ്ണം തീർപ്പാക്കി. ഏഴ് പരാതികളിൽ പോലീസിന്റെ റിപ്പോർട്ട് തേടി. രണ്ട് പരാതികൾ ജാഗ്രതാസമിതിയുടെ റിപ്പോർട്ടിനായും മറ്റ് രണ്ട് പരാതികൾ ഡിഎൽസിക്കും കൈമാറി.
31 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. പുതുതായി ഒരു പരാതി ലഭിച്ചു. വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി, അംഗം പി കുഞ്ഞായിഷ, ചിത്തിര ശശിധരൻ, കെ.പി ഷിമ്മി, കൗൺസിലർ അശ്വതി രമേശൻ, വനിതാസെൽ എഎസ്ഐ കെ.ഷീബ, കണ്ണൂർ ടൗൺ സിപിഒ എം.വി ഷിജി, കണ്ണൂർ ടൗൺ എഎസ്ഐ വിനയൻ എന്നിവർ പങ്കെടുത്തു.