പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളെ അവഗണിക്കാൻ മന്ത്രി റിയാസ് നേതൃത്വം നൽകുന്നു: സജീവ് ജോസഫ്
1532376
Thursday, March 13, 2025 12:49 AM IST
നടുവിൽ: ഫണ്ട് വിഹിതം അനുവദിക്കുന്നതിലും പദ്ധതികൾ അംഗീകരിക്കുന്നതിലും പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന് ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ആരോപിച്ചു. പൊതുമരാമത്ത് വകുപ്പിൽ ഈ വിവേചനം കൂടുതലാണ്. 2022-23 ബജറ്റിൽ പ്രഖ്യാപിച്ച ഇരിക്കൂർ മണ്ഡലത്തിലെ ചുണ്ടപ്പറമ്പ്-വെള്ളാട് - കരുവഞ്ചാൽ റോഡിനുള്ള ഭരണാനുമതി ഇതുവരെ നൽകാൻ സർക്കാർ തയാറായിട്ടില്ല. 2024-25 ബജറ്റിൽ പ്രഖ്യാപിച്ച ഉദയഗിരി - അരിവിളഞ്ഞ പൊയിൽ - ജോസ്ഗിരി റോഡിനുള്ള ഭരണാനുമതിയും ഇതുവരെ ലഭിച്ചിട്ടില്ല. മന്ത്രി റിയാസ് തന്നെ ഇത്തരം വിവേചന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജീവ് ജോസഫ്.
ജില്ലയിൽ കഴിഞ്ഞ നാലു വർഷമായി ടൂറിസം വകുപ്പിൽ ഒരു റിവ്യൂ മീറ്റിംഗ് പോലും നടന്നിട്ടില്ല. മന്ത്രി അതിനെപ്പറ്റി അന്വേഷിക്കുക പോലും ചെയ്യാത്തത് മോശമാണ്. ഇരിക്കൂർ മണ്ഡലത്തിലെ പാലക്കയംതട്ട്, പൈതൽമല തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. അവിടത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി ടൂറിസം വകുപ്പിനെ നിരവധിതവണ സമീപിച്ചെങ്കിലും അവർക്ക് നിഷേധാത്മകമായ സമീപനമാണുള്ളത്. ഭൂനികുതി വർദ്ധിപ്പിച്ചത് അടിയന്തരമായി പിൻവലിക്കണമെന്നും സജീവ് ജോസഫ് ആവശ്യപ്പെട്ടു. പ്രതികൂലമായ കാലാവസ്ഥയും വന്യജീവി ശല്യവും മൂലം വരുമാനം മുട്ടിയ കർഷകരോട് ഭീമമായ ഭൂനികുതി ചുമത്തുന്നത് അന്യായമാണ്. അതിനാൽ പഞ്ചായത്തുകളിലെങ്കിലും ഭൂനികുതി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.