മയക്കുമരുന്നും മദ്യവും പുതുതലമുറയെ നശിപ്പിക്കുന്നു: മാർ ജോസഫ് പാംപ്ലാനി
1532363
Thursday, March 13, 2025 12:49 AM IST
ചെന്പേരി: മയക്കുമരുന്നും മദ്യവും ഇന്നത്തെ പുതുതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മാതാപിതാക്കളെ തിരിച്ചറിയാത്ത അവസ്ഥയിലാണ് ഇപ്പോഴത്തെ യുവജനതയെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ചെന്പേരി ലൂർദ് മാതാ ബസിലിക്ക പള്ളിയിൽ ഇന്നലെ ആരംഭിച്ച തലശേരി രൂപതയുടെ കൃപാഭിഷേകം ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്. ദൈവത്തിന്റെ വ്യവസ്ഥയില്ലാത്ത നന്മയാണ് കൃപയെന്ന് അദ്ദേഹം പറഞ്ഞു. കൃപയുടെ അർഥം ഈശോ മിശിഹാ എന്നാണ്. മിശിഹായെ സ്വീകരിക്കുന്നതാണ് കൃപാഭിഷേകത്തിന്റെ രത്നച്ചുരുക്കം.
ഈശോയെ വിശ്വസിക്കുന്പോൾ നാം ഓരോരുത്തരും പരിശുദ്ധാത്മാവിന്റെ ജീവജലത്തിന്റെ ഉറവിടമായിത്തീരുന്നു. പരിശുദ്ധാത്മ കൃപയ്ക്കുവേണ്ടി പ്രാർഥിക്കുക. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണും. കൃപ കൊണ്ട് അർഥമാക്കുന്ന മറ്റൊരു കാര്യം പരിശുദ്ധ സഭ എന്നുള്ളതാണ്. സഭയുടെ വ്യവസ്ഥിതിയിലൂടെ ചേർന്നു പ്രവർത്തിക്കുന്പോൾ വിശ്വാസികൾക്ക് നല്ല ജീവിതം ലഭ്യമാകും.-മാർ പാംപ്ലാനി പറഞ്ഞു.
കൺവൻഷനു തുടക്കം കുറിച്ചുള്ള ദിവ്യബലിയിൽ മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. മുഖ്യ വികാരി ജനറാൾ ഫാ. ആന്റണി മുതുകുന്നേൽ, ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, പാസ്റ്ററൽ കോ-ഓർഡിനേറ്റർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ബസിലിക്ക റെക്ടർ ഫാ. ജോർജ് കാഞ്ഞിരക്കാട്ട് എന്നിവർ സഹകാർമികരായി. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് 16 വരെയുള്ള കൺവൻഷൻ നയിക്കുന്നത്.
ആദ്യദിനത്തിൽ വൈദികരും സമർപ്പിതരുമടക്കമുള്ള വൻ ജനാവലി ധ്യാനത്തിൽ പങ്കെടുക്കാനെത്തി. ഇന്നു രാവിലെ ഏഴിന് സ്പിച്വൽ ഷെയറിംഗ്, കൗൺസിലിംഗ്. 9.30ന് മധ്യസ്ഥ പ്രാർഥന.
വൈകുന്നേരം നാലിന് ജപമാല, 4.30ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന. വൈകുന്നേരം ആറുമുതൽ രാത്രി 9.30 വരെ കൃപാഭിഷേക ശുശ്രൂഷ.