ബേബി മെമ്മോറിയലിൽ അത്യാധുനിക മൾട്ടി ഡിസിപ്ലിനറി, അഡ്വാൻസ്ഡ് നെഫ്രോളജി ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ
1532366
Thursday, March 13, 2025 12:49 AM IST
കണ്ണൂർ: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അത്യാധുനിക മൾട്ടി ഡിസിപ്ലിനറി ക്രിട്ടിക്കൽ കെയർ യൂണിറ്റും അഡ്വാൻസ്ഡ് നെഫ്രോളജി ക്രിട്ടിക്കൽ കെയർ യൂണിറ്റും പ്രവർത്തനമാരംഭിച്ചു. കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. മേഖലയിലെ ആരോഗ്യസംരക്ഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള ആശുപത്രിയുടെ സമർപ്പണത്തിന്റെ തെളിവാണെന്നും ഇത്തരം സൗകര്യങ്ങൾ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ വഹിക്കുന്ന പങ്ക് വലുതാണെന്നും മേയർ പറഞ്ഞു. പുതുതായി ആരംഭിച്ച യൂണിറ്റുകളിൽ വിശാലമായ പ്രകൃതിദൃശ്യങ്ങളുടെ കാഴ്ചയും സ്വാഭാവിക വെളിച്ചവും രോഗികളുടെ മാനസിക സമ്മർദ്ദം കുറച്ച് രോഗം വേഗത്തിൽ സുഖപ്പെടാൻ സാധിക്കുമെന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സിഇഒ നിരുപ് മുണ്ടയാടൻ പറഞ്ഞു.
പുതിയ യൂണിറ്റുകളിൽ 15-ലധികം ക്രിട്ടിക്കൽ കെയർ വിദഗ്ധരുടെയും മറ്റു ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ധരുടെയും നേതൃത്വത്തിൽ 24 മണിക്കൂറും വിദഗ്ധ മൾട്ടിഡിസിപ്ലിനറി ടീമിന്റെ സേവനം ലഭ്യമാണ്. അത്യാധുനിക സങ്കീർണ രോഗനിർണയകേന്ദ്രം ഈ എംഡിഐസിയുവിന്റെ പ്രധാന പ്രത്യേകതകളിൽ ഒന്നാണ്. പാമ്പുകടിയേറ്റവർക്കും വിഷബാധയേറ്റവർക്കുമുള്ള അഡ്വാൻസ്ഡ് ടോക്സിക്കോളജി വിഭാഗം, അത്യാഹിത ജീവൻ രക്ഷാ സംവിധാനങ്ങൾ, ഹീമാഡ്സോർപ്ഷൻ തെറാപ്പി എന്നീ സൗകര്യങ്ങളുള്ള നെഫ്രോക്രിട്ടിക്കൽ കെയർ യൂണിറ്റ്, തീപ്പൊള്ളലേറ്റവർക്കുള്ള പ്രത്യേക ചികിത്സാകേന്ദ്രം, ഗുരുതര അപകടങ്ങളിൽ (പോളിട്രോമ) പരിക്കേറ്റവർക്കുള്ള സമഗ്ര പരിചരണം, തീവ്ര ശ്വാസകോശ രോഗങ്ങൾക്കുള്ള പ്രത്യേക ചികിത്സാവിഭാഗം, ശസ്ത്രക്രിയ കഴിഞ്ഞുള്ള തീവ്ര പരിചരണ യൂണിറ്റ് അവയവ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള പ്രത്യേക പരിചരണ വിഭാഗം,
വൃക്ക രോഗ-അടിയന്തരാവസ്ഥകൾക്കുള്ള സമയബന്ധിതവും പ്രത്യേകവുമായ പരിചരണം, നൂതന ഡയാലിസിസ് & രക്തശുദ്ധീകരണ ചികിത്സ സംവിധാനങ്ങൾ, ക്രോണിക് കിഡ്നി ഡിസീസ് & ട്രാൻസ്പ്ലാന്റുകൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ, ചുരുങ്ങിയ ചെലവിൽ അത്യന്താധുനിക വൃക്കരോഗ ചികിത്സയ്ക്കുള്ള സംവിധാനം എന്നിവ ലഭ്യമാണ്. അത്യാധുനിക നിരീക്ഷണ ഉപകരണങ്ങൾ, വിദേശ നിർമിത വെന്റിലേറ്ററുകൾ, ഐസൊലേഷൻ റൂമുകൾ, സ്മാർട്ട് മോണിറ്ററിംഗ് സിസ്റ്റങ്ങൾ, രോഗികൾക്കായുള്ള സ്മാർട്ട് ടിവി സംവിധാനം, കുടുംബാംഗങ്ങൾക്കായുള്ള വിശ്രമ മുറികൾ എന്നിവയും ഇവിടെയുണ്ട്.
വിഐപികൾക്കും കൂട്ടിരിപ്പുകാർക്കും അനുയോജ്യമായ പ്രത്യേക ഐസിയു ക്യൂബിക്കിൾ സൗകര്യം ലഭ്യമാണ്. ക്രിട്ടിക്കൽ കെയർ വിഭാഗം കൺസൾട്ടന്റ് ഡോ. അമൽ ജോസ്, ക്രിട്ടിക്കൽ കെയർ വിഭാഗം ചീഫ് ഡോ. എ.കെ. റയീസ്, ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. അലൻ തോമസ്, ഡോ. പി.വി. മനീഷ്, മെഡിക്കൽ അഡ്വൈസർ ഡോ. മുഹമ്മദ് അബ്ദുൾ നാസർ, എജിഎം ജി.എം. മനോജ്, ഓപ്പറേഷൻസ് മേധാവി ബി.ആർ.പി. ഉണ്ണിത്താൻ, നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മിഥുൻ രമേശ്, നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ടി. ഷബീൻ കുമാർ, മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അതുൽ ഹരീന്ദ്രൻ, ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ മഞ്ജു ജോസഫ് എന്നിവർ പ്രസംഗിച്ചു.