കൊട്ടിയൂരിലെ കസ്തൂരിരംഗൻ കേസുകൾ അന്തിമഘട്ടത്തിൽ
1532365
Thursday, March 13, 2025 12:49 AM IST
വാദം പൂർത്തിയായി; വിധി ഉടൻ
കൊട്ടിയൂർ: കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കൊട്ടിയൂർ പഞ്ചായത്തിലുണ്ടായ അക്രമ സംഭവത്തെ തുടർന്നുണ്ടായ കേസുകൾ അന്തിമഘട്ടത്തിൽ. 12 കേസുകളിൽ അവശേഷി ക്കുന്ന രണ്ടു കേസുകളിലെ വാദം പൂർത്തിയായി വിധി പറയാനായി കോടതി മാറ്റിവച്ചു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് ഓഫീസിലെ വാഹനം കത്തിച്ച കേസും മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസുമാണ് വിധി പറയാൻ മാറ്റിയത്. രണ്ടുദിവസത്തിനുള്ളിൽ വിധി പറയുമെന്നാണ് വിവരം. ബാക്കി പത്തു കേസുകളിൽ നേരത്തെ വാദം പൂർത്തിയായി പ്രതികളെ വെറുതെ വിട്ടിരുന്നു.
2013 നവംബർ 14ന് കൊട്ടിയൂർ പഞ്ചായത്തിലെ പൊട്ടൻതോടിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിന് തുടർന്നാണ് സംഘർഷം ആരംഭിച്ചത്.
കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്ന് ജനങ്ങൾ പ്രദേശത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെടുമോയെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സംഘം കൊട്ടിയൂർ പൊട്ടൻതോട്ടിൽ ജനവാസ മേഖലയിൽ കടന്ന് മണ്ണ് പരിശോധന നടത്തിയത്. ഇതേ തുടർന്നാണ് ജനങ്ങൾ സംഘടിച്ച് കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങിയത്. വൈകാരികമായ സംഭവത്തിൽ നിരവധി പോലീസ് വാഹനങ്ങൾ അഗ്നിക്കിരയാവുകയും പോലീസ്കാർക്ക് ആക്രമണത്തിൽ പരിക്കേല്ക്കുകയും ചെയ്തു.
നിരവധി നാശനഷ്ടങ്ങളുണ്ടായ സംഭവത്തിൽ 12 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ആകെ 305 പ്രതികളാണ് ഉണ്ടായിരുന്നത്. കൊട്ടിയൂർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി ഉമ്മൻചാണ്ടി സർക്കാർ രണ്ടും പിന്നീട് വന്ന പിണറായി സർക്കാർ 10 കേസുകളും പിൻവലിച്ചിരുന്നു.
കേസുകൾ പിൻവലിച്ചതോടെ കോടതി നടപടികൾ അവസാനിപ്പിക്കാൻ സംരക്ഷണ സമിതി അപേക്ഷയും നൽകി. എന്നാൽ കോടതി നിലപാട് വിരുദ്ധമായതോടെ കേസ് പിൻവലിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി നിലപാടെടുത്തു.
സംസ്ഥാനത്തിനുണ്ടായ നഷ്ടം ആര് നികത്തുമെന്നായിരുന്നു കോടതിയുടെ ചോദ്യം. തുടർന്ന് കേസുകളുടെ വാദം തുടങ്ങി. ആറു കേസുകൾ സാക്ഷികൾ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിൽ കോടതി ആദ്യമേ തള്ളിയിരുന്നു. ബാക്കിയുള്ള ആറു കേസുകളിലായി 105 പ്രതികളാണ് ഉണ്ടായിരുന്നത്.
പൊട്ടംതോടിൽ കേന്ദ്ര വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു, ഇരിട്ടി ഡിവൈഎസ്പിയെ കൈയേറ്റം ചെയ്തു, കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചു, അമ്പായത്തോട് വനസംരക്ഷണ സമിതി ഓഫീസ് നശിപ്പിച്ചു. പാൽച്ചുരം ഫോറസ്റ്റ് കേസ്, പത്രപ്രവർത്തകനെ ആക്രമിച്ചു എന്നിങ്ങനെ ആറു കേസുകളാണ് അവസാനഘട്ടത്തിൽ കോടതിയിൽ ഉണ്ടായിരുന്നത്.
ഇതിൽ നാലു കേസുകൾ വാദം പൂർത്തിയായി പ്രതികളെ വെറുതെ വിട്ടിരുന്നു. തലശേരി സെക്ഷൻ കോടതിയിലായിരുന്നു കേസ്.