ആറളം പഞ്ചായത്തിൽ 44.94 കോടിയുടെ ബജറ്റിന് അംഗീകാരം
1532378
Thursday, March 13, 2025 12:49 AM IST
എടൂർ: സാന്ത്വന പരിചരണത്തിനും, മാലിന്യ സംസ്കരണത്തിനും ,എഐ സാങ്കേതിക വിദ്യയിലൂടെ വന്യമൃഗ ശല്യം തടയുന്നതിനും മുൻഗണനൽകി 44.94 കോടി രൂപ വരവും 44.46 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് ആറളം പഞ്ചായത്ത് അംഗീകാരം നൽകി. പച്ചപ്പ് നിറഞ്ഞ ജലലഭ്യതയും ഗതാഗത സൗകര്യങ്ങളും ഉള്ള ശുചിത്വ സുന്ദര - ഭക്ഷ്യ സുരക്ഷ ഗ്രാമമെന്ന ആശയവും ആയി അവതരിപ്പിച്ച ബജറ്റിൽ കാർഷിക മേഖലയ്ക്കാണ് മുൻഗണന .
കാർഷിക - മൃഗസംരക്ഷണ ഉത്പാദന മേഖലയ്ക്ക് മാത്രമായി 1.72 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പശ്ചാത്തല മേഖലയിൽ കെട്ടിടങ്ങളും റോഡുകളും ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് വേണ്ടി 4.5കോടി രൂപ വകയിരുത്തി. ഇതിനു പുറമേ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകളുടെയും കുളങ്ങളുടെയും തോടുകളുടെയും നവീകരണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കായി 12 കോടി രൂപയും വകയിരുത്തി.37 അങ്കണവാടികൾക്ക് പോഷകാഹാരം വിതരണം 45 ലക്ഷം, എല്ലാവർക്കും വീടെന്ന സ്വപ്നംപദ്ധതിക്കായി 2.85 കോടി രൂപയും കാട്ടാന ശല്യം തടയാൻ എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മുന്നറിയിപ്പ് സംവിധാനം 10 ലക്ഷം രൂപ, പുനരധിവാസ മേഖലയിൽ വൈദ്യുതി തൂക്കുവേലി 20 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജെ. ജെസി മോൾ വാഴപ്പള്ളി ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസ്ഥിരം സമിതി അധ്യക്ഷരായ ജോസ് അന്ത്യാംകുളം, വത്സ ജോസ്, ഇസി സെക്രട്ടറി വി.ജി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
ബജറ്റിലെ മറ്റു പ്രധാന
നിർദേശങ്ങൾ
എടൂർ ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സ് - 80 ലക്ഷം രൂപ. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പദ്ധതികൾ പ്രത്യേക പദ്ധതികൾ - 35 ലക്ഷം രൂപ. വനിതകൾക്കുള്ള പ്രത്യേക വികസന പദ്ധതികൾ - 75 ലക്ഷം രൂപ.
ശുചിത്വം, ഖര ദ്രവ മാലിന്യ സംസ്കരണ പദ്ധതികൾ - 1.83 കോടി രൂപ. ഇടവേലി ഗവ. സ്കൂൾ കെട്ടിടം, പാർക്ക് നിർമാണം - 25 ലക്ഷം രൂപ. പൂതക്കുണ്ട് വയോജന വിശ്രമ കേന്ദ്രം - 10 ലക്ഷം രൂപ.