മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവത്കരിക്കരുത് : കെസിബിസി മദ്യവിരുദ്ധ സമിതി
Friday, April 11, 2025 3:28 AM IST
കൊച്ചി: സംസ്ഥാനത്ത് വ്യാപകമായ മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിക്കാനാകില്ലെന്ന് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി. എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണു സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.
മയക്കുമരുന്നുകള്‍ മാത്രമാണു വില്ലന്‍ എന്ന സമീപനം സ്വീകരിക്കാനാണ് സര്‍ക്കാരിനും അബ്കാരികള്‍ക്കും താത്പര്യം. മദ്യത്തെ ലളിതവത്കരിക്കുന്നത് നികുതിവരുമാനം ലക്ഷ്യംവച്ചാണ്. ഡ്രൈ ഡേ പൂര്‍ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കുള്ള ഇളവുകള്‍.
സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതും മാരക ലഹരികള്‍ മനുഷ്യനെ മാനസികരോഗികളാക്കിയതും അറിഞ്ഞില്ലെന്നു നടിച്ചവര്‍ മാധ്യമങ്ങളുടെയും ലഹരിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്.
സംസ്ഥാനത്ത് ഏറ്റവും വലിയ ബോധവത്കരണ പ്രക്രിയകള്‍ നടത്തുന്നത് മാധ്യമങ്ങളാണ്.
ഒരുവശത്ത് ലഹരിക്ക് എതിരാണെന്നു പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവത്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍നയം ഇരട്ടത്താപ്പാണ്. ലഹരിമാഫിയ സംസ്ഥാനത്ത് പിടിമുറുക്കിയതില്നിന്ന് എക്സൈസ്, പോലീസ്, ഫോറസ്റ്റ്, റവന്യു, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല.
ലഹരിക്കെതിരേയുള്ള സര്‍ക്കാരിന്റെ കര്‍മപരിപാടികള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള എന്നിവര്‍ വ്യക്തമാക്കി.