മുനമ്പം ജുഡീഷല്‍ കമ്മീഷന് തുടരാം: ഹൈക്കോടതി
Tuesday, April 8, 2025 2:34 AM IST
കൊച്ചി: മുനമ്പം വഖഫ് ഭൂമി തര്‍ക്ക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷല്‍ കമ്മീഷന്റെ പ്രവര്‍ത്തനം തുടരാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് അനുമതി നല്കി.
ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായരെ കമ്മീഷനായി നിയമിച്ച വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു സ്റ്റേ ചെയ്തത്.
എന്നാല്‍, കമ്മീഷന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ കോടതിയുടെ അനുമതിയില്ലാതെ സര്‍ക്കാര്‍ നടപടി സ്വീകരിക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഇടക്കാല ഉത്തരവ്.
മുനമ്പത്തേതു വഖഫ് ഭൂമിയാണെന്ന വഖഫ് ബോര്‍ഡിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഇവിടെ കാലങ്ങളായി താമസിക്കുന്നവര്‍ സമരത്തിലാണ്. ഇവരില്‍ മതിയായ രേഖകളുള്ളവരെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണു കമ്മീഷനെ നിയമിച്ചതെന്ന സര്‍ക്കാര്‍ വാദത്തില്‍ പ്രഥമദൃഷ്ട്യാ വസ്തുതയുണ്ടെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി.
കേരള വഖഫ് സംരക്ഷണ വേദിയടക്കം ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മാര്‍ച്ച് 17നാണ് ജുഡീഷല്‍ കമ്മീഷന് നിയമനം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. കമ്മീഷന്റെ കാലാവധി മേയ് അവസാനം തീരുന്നതിനാല്‍ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.