ഗോകുലം ഗോപാലനെ ഇഡി കൊച്ചിയില്‍ ചോദ്യം ചെയ്തു
Tuesday, April 8, 2025 2:34 AM IST
കൊച്ചി: പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച ശ്രീ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്റെ കോഴിക്കോട്ടെയും ചെന്നൈയിലെയും ഓഫീസുകളിലും വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. സ്ഥാപനത്തിന്റെ ചെയര്‍മാനായ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിച്ചും ചോദ്യം ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലെ കൊച്ചിയിലേക്കു വിളിപ്പിച്ച് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ആറു മണിക്കൂര്‍ നീണ്ടു. വിശദവിവരങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല.
വിദേശ നാണയ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ച് വിദേശത്തുനിന്ന് 371.80 കോടി രൂപ പണമായും ഇതിനുപുറമെ 220.71 കോടി രൂപയുടെ ചെക്കുകളും ശ്രീ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് എത്തിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.