ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയുടെ ദേഹത്ത് മുറിവ്; വനംവകുപ്പ് പരിശോധിച്ച് തിരിച്ചയച്ചു
Tuesday, April 8, 2025 2:34 AM IST
കണ്ണൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കൊണ്ടുവന്ന ആനയുടെ ദേഹത്ത് പൊട്ടിയൊലിക്കുന്ന മുറിവുകള്‍ കണ്ടതിനെത്തുടര്‍ന്ന് വനംവകുപ്പ് നടപടി സ്വീകരിച്ചു.
തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കക്കാട് ദേശവാസികളുടെ കാഴ്ചവരവ് സമയത്ത് എഴുന്നള്ളിക്കാനായി പാലക്കാട്ടുനിന്നു കൊണ്ടുവന്ന മംഗലംകുന്ന് ഗണേശന് എന്ന ആനയുടെ ദേഹത്താണ് മുറിവ് കണ്ടെത്തിയത്.
വയറിനും കാലിനും ആഴത്തില്‍ മുറിവുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട ആന ഫാന്‍സ് അസോസിയേഷന് ഭാരവാഹികള്‍ വനം വകുപ്പിനു പരാതി നല്‍കുകയായിരുന്നു. മുറിവ് പുറത്ത് കാണാതിരിക്കാന്‍ കരിയും മറ്റും തേച്ചിരുന്നതായി ആന ഫാന്‍സ് അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു.
ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കുമ്പോള്‍ 72 മുന്‍പ് മണിക്കൂര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറും പരിശോധന നടത്തണമെന്നുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ആനയെ എത്തിച്ചതെന്നു ഭാരവാഹികള്‍ പറഞ്ഞു.
വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി ഓഫീസര്‍ രതീശന്റെ നേതൃത്വത്തില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയപ്രകാശ് ആനയെ പരിശോധിച്ചു. ഇന്നലെ വൈകിട്ട് തന്നെ ആനയെ പാലക്കാട്ടേക്കു തിരിച്ചയച്ചു. മുറിവ് ഉണങ്ങുന്നത് വരെ ആനയെ ഉത്സവത്തിന് എത്തിക്കരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്കി.