എന്തൊരു നെറികേട്!; സംഭരിച്ച നെല്ല് റോഡരികിൽ തള്ളി
Tuesday, April 8, 2025 2:34 AM IST
ചങ്ങനാശേരി: നീലംപേരൂര്‍ കണ്ണങ്കരി, ചിങ്ങംകരി പാടശേഖരത്തുനിന്നും കയറ്റിവിട്ട നെല്ല് ലോറിക്കാര് തിരികെകൊണ്ടുവന്ന് കര്‍ഷകര്‍ അറിയാതെ പാടത്തിനു സമീപമുള്ള റോഡരികിൽ തള്ളി.
66 ചാക്ക് നെല്ലാണ് ലോറിക്കാര് റോഡരികില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. ആഴ്ചകള്‍ മുന്‍പ് നെല്ല് കയറിപ്പോയ ഈ രണ്ട് പാടങ്ങളില്‍ ശേഷിച്ച നെല്ലെടുക്കാന്‍ ഇന്നലെ രാവിലെ പത്തിന് ഇടനിലക്കാരന് മുഖേന മില്ലുകാര്‍ എത്തി.
കണ്ണംകരി പാടത്തെ തങ്കച്ചന് എന്ന കര്‍ഷകന്റെ 38 ചാക്ക് നെല്ലും ചിങ്ങംകരിയിലെ മണിയന്‍പിള്ളയുടെ 46 ചാക്ക് നെല്ലും മില്ലുകാരുടെ ത്രാസില്‍ തൂക്കമെടുത്തശേഷം ലോറിയില്‍ കയറ്റിവിട്ടു.
ദിവസങ്ങളുടെ കാത്തിരിപ്പിനുശേഷം നെല്ല് കയറിപ്പോയ ആശ്വാസത്തില്‍ ഇരു കര്‍ഷകരും വീടുകളിലേക്ക് മടങ്ങി. ഉച്ചയോടെ ഇതേ ലോറി മടങ്ങിവന്ന് ആളൊഴിഞ്ഞ സ്ഥലത്ത് നെല്ലുചാക്ക് ലോറിയില്‍നിന്ന് എറിഞ്ഞുകളഞ്ഞു. ചാക്കുകള്‍ പൊട്ടി നെല്ല് പ്രദേശമാകെ ചിതറി.
പാടശേഖരസമിതിയോടോ കര്‍ഷകരോടെ പറയാതെയും ചോദിക്കാതെയുമാണ് നെല്ല് തിരികെയെത്തിച്ച് വഴിയില്‍ തള്ളിയത്. വിവരം അറിയിച്ചെങ്കിലും കൃഷി വകുപ്പ് കൈമലര്‍ത്തുകയാണുണ്ടായത്.
പ്രതിഷേധവുമായി നൂറുകണക്കിനു കര്‍ഷകര്‍ സംഘടിച്ച് പാഡി ഓഫീസ് ഉപരോധിച്ചു. കര്‍ഷകപ്രതിഷേധം ശക്തമായതോടെ പാഡിഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി മറ്റൊരു മില്ലുകാര്‍ നെല്ല് എടുക്കാന്‍ തയാറായി.
ചാക്ക് പൊട്ടി നിലത്തുവീണ നെല്ല് വീണ്ടും പായ്ക്ക് ചെയ്തു കയറ്റി അയച്ചതോടെയാണ് കര്‍ഷക പ്രതിഷേധം അവസാനിച്ചത്. ഇന്നും നെല്ല് എടുക്കല്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നെല്ല് ഉപേക്ഷിച്ചു കടന്നുകളഞ്ഞ മില്ലുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് നെല്‍കര്‍ഷക സംരക്ഷണസമിതി രക്ഷാധികാരി വി.ജെ. ലാലി ആവശ്യപ്പെട്ടു.