പ്രതിഷേധ മാർച്ചിൽ സംഘർഷം
Tuesday, April 8, 2025 2:34 AM IST
പാലക്കാട്: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഒലവക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്കു ബിജെപി മാർച്ച് നടത്തി. പിന്നീട് കുത്തിയിരിപ്പുസമരത്തിലേക്കു നീങ്ങിയ സമരക്കാരെ നിയന്ത്രിക്കാൻ പോലീസ് ഏറെ പണിപ്പെട്ടു.
പ്രതിഷേധം ശക്തമായതോടെ പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പരിക്കേറ്റ അമ്മയുടെ ചികിത്സാച്ചെലവു സംബന്ധിച്ച് ഉറപ്പുലഭിക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ധോണി അടക്കമുള്ള പ്രദേശങ്ങളിലെ കാട്ടാന പ്രശ്നം ഉടൻ പരിഹരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
വീഴ്ചയുണ്ടെന്നു സിപിഎമ്മും
പാലക്കാട്: മുണ്ടൂരിലെ കാട്ടാന ആക്രമണസംഭവത്തിൽ വനംവകുപ്പിനു വീഴ്ചയുണ്ടായെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു.
നിരന്തരം പ്രശ്നങ്ങളുണ്ടായിട്ടും വനംവകുപ്പ് ജാഗ്രത കാട്ടിയില്ല. ചികിത്സയിലുള്ള അമ്മയുടെ ചെലവ് നിയമപ്രകാരം വനംവകുപ്പ് വഹിക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നു ജില്ലാ സെക്രട്ടറി പറഞ്ഞു.