മുനന്പം വിഷയം വഷളാക്കിയത് സംസ്ഥാന സർക്കാർ: രമേശ് ചെന്നിത്തല
Tuesday, April 8, 2025 2:34 AM IST
തിരുവനന്തപുരം: മുനന്പം വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കിയത് സംസ്ഥാന സർക്കാരെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല.
സംസ്ഥാന സർക്കാർ മനസുവച്ചിരുന്നെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തീർക്കാൻ കഴിയുമായിരുന്ന വിഷയമാണ് ഇപ്പോൾ ഈ അവസ്ഥയിലാക്കിയിട്ടുള്ളത്.
മുനന്പം വിഷയത്തിൽ അവിടുത്തെ ജനങ്ങളോട് എല്ലാ മുസ് ലിം സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്. ഈ സന്ദർഭത്തിൽ കൃത്യമായ പരിഹാര നിർദേശങ്ങളുമായി വന്നിരുന്നെങ്കിൽ വർഗീയമായി ജനങ്ങളെ വിഭജിക്കാതെ വിഷയം രമ്യമായി പരിഹരിക്കാമായിരുന്നു.
മുനന്പത്തുനിന്ന് ഒറ്റയാളെ പോലും കുടിയിറക്കാൻ അനുവദിക്കില്ല. പ്രശ്നപരിഹാരം സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചാൽ പ്രശ്നം ഉടനടി പരിഹരിക്കപ്പെടും. ഇതു പരിഹരിക്കുന്നതിനു പകരം വർഗീയമായി വഷളാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇക്കാര്യത്തിൽ ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം ഒന്നുതന്നെയാണ്. ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് സംസ്ഥാന സർക്കാർ തന്നെയാണ്. വർഗീയശക്തികൾക്കു മുതലെടുക്കാനുള്ള സാഹചര്യമുണ്ടാക്കാതെ പ്രശ്നം ഉടനടി പരിഹരിക്കണം. വഖഫ് ബിൽ വഴി ഇവിടെ പ്രശ്നപരിഹാരം ഉണ്ടാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.