മുണ്ടൂർ കാട്ടാന ആക്രമണം; മരണം നെഞ്ചു തകർന്ന്
Tuesday, April 8, 2025 2:34 AM IST
പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന് ജോസഫിന്റെ (24) ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. സംസ്കാരം ഇന്നു മൈലംപുള്ളി പെന്തക്കൊസ്ത് സെമിത്തേരിയിൽ നടക്കും.
പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്നലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു. നേരത്തേ വനംവകുപ്പിന്റെ നിലപാടിനെതിരേ പ്രതിഷേധിച്ച ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനെത്തിച്ചപ്പോഴും ബന്ധുക്കൾ ഈ നിലപാടിൽ ഉറച്ചുനിന്നിരുന്നു. ഇന്നലെ രാവിലെ എട്ടിനു തീരുമാനിച്ചിരുന്ന പോസ്റ്റ്മോർട്ടം നടപടികൾ ഇക്കാരണത്താൽ വൈകിയാണു തുടങ്ങിയത്.
നെഞ്ചിൽ ഗുരുതരപരിക്ക്
പാലക്കാട്: കാട്ടാന കൊന്ന അലന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അലന്റെ നെഞ്ചിനു ഗുരുതര പരിക്കേറ്റിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു.
ആനക്കൊമ്പ് നെഞ്ചിനകത്തു കുത്തിക്കയറിയിരുന്നു. വാരിയെല്ലുകൾ തകർന്നു. ആന്തരികരക്തസ്രാവം സംഭവിച്ചു. കാലിലും കൈയിലും ചെറിയ പരിക്കുകളുണ്ടായിരുന്നു.
മോർച്ചറിക്കുമുന്നിൽ പ്രതിഷേധം
പാലക്കാട്: അലന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനെത്തിച്ച പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്കുമുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ അലന്റെ അമ്മയുടെ ചികിത്സയ്ക്കു പണം നൽകുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുംവരെ പോസ്റ്റുമോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നറിയിച്ചായിരുന്നു മോർച്ചറിക്കു മുന്നിലെ പ്രതിഷേധം.